വര്‍ഷകാല സമ്മേളനത്തില്‍ ആരോഗ്യകരവും ഫലപ്രദവുമായ ചര്‍ച്ചകള്‍ക്ക് തയ്യാര്‍- പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ആരോഗ്യകരവും ഫലപ്രദവുമായ ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ഏത് വിഷയങ്ങള്‍ ഉന്നയിച്ചാലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തിന് ശേഷം ജോഷി വ്യക്തമാക്കി. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സഭയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചത്.
ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ 33 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 40 ലധികം നേതാക്കള്‍ പങ്കെടുത്തു. പ്രതിപക്ഷത്തില്‍ നിന്നുള്‍പ്പടെ എല്ലാ പ്രതിനിധികളുടേയും നിര്‍ദേശങ്ങള്‍ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 13-നാണ് അവസാനിക്കുക.
കര്‍ഷക പ്രതിഷേധം, ഇന്ധന വില വര്‍ധനവ്, കോവിഡ് രണ്ടാം തരംഗത്തില്‍ സര്‍ക്കാരിന്റെ വീഴ്ച് തുടങ്ങിയ കാര്യങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത് സഭയെ പ്രക്ഷുബ്ദ്ധമാക്കുമെന്ന് ഉറപ്പാണ്. മന്ത്രിസഭാ അഴിച്ചുപണിക്ക് ശേഷമാണ് സഭ നടക്കുന്നത്് എന്നതും പ്രത്യേകതയാണ്.