കെ.രാധാകൃഷ്ണന്‍ ഷാഡോ മിനിസ്റ്ററെ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം: മുന്‍ എം.പി എ സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. പരസ്യമായി രംഗത്ത്. എ സമ്പത്തിനെ കെ രാധാകൃഷ്ണന്റെ ഷാഡോ മിനിസ്റ്ററായി നിയമിച്ചത് മന്ത്രിയുടെ കഴിവിനെയും പ്രാപ്തിയെയും പരിഹസിക്കുന്നതിന് തുല്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു.
കഴിവുറ്റ സാമാജികനും സ്പീക്കറും മന്ത്രിയുമായ കെ രാധാകൃഷ്ണന്റെ ഓഫീസില്‍ ‘സൂപ്പര്‍ മന്ത്രി’യായി സമ്പത്തിനെ നിയമിച്ചത് ദലിതരോടുള്ള അവഹേളനമാണെന്നാണ് സുരേഷ് എം പി ഫെയ്‌സ്ബുക്കിലൂടെ കുറ്റപ്പെടുത്തിയത്. സി.പി.എമ്മിന്റെ ദലിത് സ്നേഹം കേവലം തൊലിപ്പുറത്ത് മാത്രമുള്ളതാണെന്നും കെ രാധാകൃഷ്ണന്റെ ഭരണമികവിലും സ്വത്വത്തിലും കഴിവിലും സി.പി.എമ്മിന് വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എ സമ്പത്തെന്ന സി.പി.എം വെള്ളാനയെ നികുതിപ്പണം നല്‍കി നിരന്തരം പരിപോഷിപ്പിക്കുന്നത് എന്തിനെന്ന് സി.പി.എം അണികള്‍ നാളെ ചോദിച്ചു തുടങ്ങുമെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്.
ഒന്നാം കോവിഡ് തരംഗം ആരംഭിച്ചപ്പോള്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കേന്ദ്രത്തില്‍ ഉണ്ടായിരുന്ന ആളാണ് എ.സമ്പത്ത്, എന്നിട്ടും കേരളത്തിലെ അദ്ദേഹത്തിന്റെ ഒഫീസില്‍ നിന്ന് ആര്‍ക്കും ഇതുവരെ ഒരുസഹായവും കിട്ടിയിട്ടില്ലെന്നാണ് അദ്ദേഹം പരസ്യമായി പറയുന്നത്.