അര്‍ജുന രണതുംഗയ്ക്ക് മറുപടിയുമായി ഇന്ത്യയുടെ “വീരു”
ഇന്ത്യ ശ്രീലങ്ക പരമ്പരയില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ തുടക്കത്തോടെ ആരാധകരെ കയ്യിലെടുക്കാന്‍ നായകന്‍ ധവാനും ടീമിനും കഴിഞ്ഞിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ ആവേശകരമായ പ്രകടനം കാഴ്ച്ച വെച്ചതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ വരെ അഭിനന്ദനപ്രവാഹം നടത്തിയത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേസമയം ശിഖര്‍ ധവാന്‍ നയിച്ച ഇന്ത്യന്‍ ടീമിനെ പര്യടനത്തിന് പോകാന്‍ തയ്യാറയപ്പോള്‍ നിരവധി പേര്‍ കളിയാക്കിയിരുന്നു. അത്തരത്തില്‍
ഇന്ത്യയുടെ രണ്ടാം നിര ടീമുമായി പരമ്പര കളിക്കാനുള്ള തീരുമാനമെടുത്ത ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ ഈയിടെ രംഗത്തെത്തിയിരുന്നു. ബി സി സി ഐയുടെ പ്രവൃത്തി ശ്രീലങ്കന്‍ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ടെലിവിഷന്‍ മാര്‍ക്കറ്റിങ് താല്‍പ്പര്യങ്ങള്‍ മാത്രം മുന്നില്‍ നിര്‍ത്തി ഇത്തരത്തില്‍ പരമ്പരയ്ക്ക് തയ്യാറായതിന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെയാണ് കുറ്റം പറയുന്നതെന്നും രണതുംഗ തുറന്നടിച്ചിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച രണതുംഗയ്ക്ക് മറുപടി നല്‍കിയ വീരുവിന്റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധപിടിച്ചു പറ്റുന്നത്. ആദ്യ ഏകദിനത്തില്‍ ആതിഥേയരെ ഏഴ് വിക്കറ്റിനാണ് ശിഖാര്‍ ധവാനും സംഘവും തകര്‍ത്തത്.ഏതൊരു ടീമിനെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അയച്ചാലും അത് ഒരിക്കലും ബി ടീമാവില്ല എന്ന് തുറന്ന് പറഞ്ഞ വീരു ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശക്തിയെ കുറിച്ചും വാചാലനായി. ‘ശിഖര്‍ ധവാന്റെ ഈ ടീമിന് കോഹ്ലിയുടെ ടീമുമായി ഏറ്റുമുട്ടി ജയിക്കാനുള്ള വലിയ കരുത്തുണ്ട്.
നിലവിലെ ഈ ടീമിനെ ബി ടീമെന്ന് വിശേഷിപ്പിച്ച രണതുംഗയുടെ വാക്കുകള്‍ അല്‍പ്പം കടന്ന് പോയിയെന്ന് ഞാന്‍ പറയും. അദ്ദേഹത്തിന് ഈ ടീമിനെ ബി ടീമായി തോന്നി കാണും പക്ഷേ ഇന്ന് ഒരുകൂട്ടം പ്രതിഭാശാലികളായ താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. അവരെല്ലാം നമുക്ക് നല്‍കുന്ന ശക്തി വലുതാണ്. ഐ പി എല്‍ സമ്മാനിച്ച ഏറ്റവും വലിയ നേട്ടമാണിത്. ഏത് ടീമിനെ ഇന്ത്യന്‍ ടീമിപ്പോള്‍ പരമ്ബര കളിക്കാനായി അയച്ചാലും അത് പക്ഷേ ബി ടീമായി മാറില്ല ‘- സെവാഗ് വിമര്‍ശിക്കുന്നു.