കോവിഡ് മഹാമാരിയില്‍ ലോകം വലയുമ്പോള്‍ കോവിഡിന്റെ ഉറവിടമായ ചൈനയില്‍ പുതിയ വൈറസ് രോഗത്തിന്റെ ആരംഭം നാം കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ മങ്കി ബി വൈറസ് ബാധിച്ച് ആദ്യ മരണം കൂടി സ്ഥിരീകരിച്ചിരിക്കുന്നു. ചൈനയിലെ 53 വയസ്സുള്ള വെറ്ററിനറി ഡോക്ടറാണ് മരണപ്പെട്ടത്.
മങ്കി ബി വൈറസ് കുരങ്ങനില്‍ നിന്നുമാണ് ഉണ്ടാകുന്നതെന്ന വിവരം ലഭ്യമായിരുന്നു. അത്തരത്തില്‍ മാര്‍ച്ച് ആദ്യ വാരം ചത്തുപോയ രണ്ടു കുരങ്ങുകളെ ഈ ഡോക്ടര്‍ പരിശോധിച്ചിരുന്നെന്നും ഇതിലൂടെയാണ് ഡോക്ടര്‍ക്ക് രോഗബാധയുണ്ടായതെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മനുഷ്യരില്‍ കേന്ദ്ര നാഡീ വ്യവസ്ഥയിലേക്കു കയറുന്ന അപകടകരമായ വൈറസാണ് മങ്കി ബി വൈറസ് എന്ന് യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
1933ല്‍ കുരങ്ങിന്റെ കടിയേറ്റ ലബോറട്ടറി ജീവനക്കാരനിലാണ് ആദ്യമായി മങ്കി ബി വൈറസ് ബാധ സ്ഥിരീകരിച്ചത്. കുരങ്ങിന്റെ കടി മൂലമുണ്ടായ പരുക്കില്‍നിന്നു ലാബ് ജീവനക്കാരന്‍ രക്ഷപ്പെട്ടെങ്കിലും കേന്ദ്ര നാഡീവ്യൂഹത്തിലുണ്ടായ തകരാറിനെ തുടര്‍ന്നു ദിവസങ്ങള്‍ക്കകം മരിച്ചു. കുരങ്ങിന്റെ സ്രവങ്ങളുമായി നേരിട്ടു സമ്പര്‍ക്കം വരുമ്പോഴും സ്രവം മുറിവിലൂടെയോ മറ്റോ ശരീരത്തില്‍ എത്തുമ്പോഴുമാണു രോഗം പകരുന്നത്. ഇതുവരെ ലോകത്താകെ രണ്ടു ഡസനിലേറെ ഇത്തരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 12 വര്‍ഷത്തിനിടെയാണ് ഇതില്‍ 5 മരണങ്ങളുണ്ടായത്. കുരങ്ങനില്‍നിന്നു കടിയോ മാന്തോ കിട്ടിയവരാണു മരിച്ചവരില്‍ ഭൂരിഭാഗ പേരും. സാധാരണയായി വൈറസ് ബാധയുണ്ടായാല്‍ 1 മുതല്‍ 3 ആഴ്ച വരെയുള്ള കാലയളവിലാണു രോഗലക്ഷണങ്ങള്‍ പ്രകടമാവുക. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ വൈറസ് പടരാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് പഠന റിപ്പോര്‍ട്ട്