വനപാലകരെ ആക്രമിച്ച കേസ്: ഒരാളെ പിടികൂടി
കുമളി: തമിഴ്‌നാട് വനപാലകരെ ആക്രമിച്ച നായാട്ട് സംഘത്തിലെ ഒരാളെ തമിഴ്‌നാട് പോലീസ് പിടികൂടി. കുമളി ഓടമേട് സ്വദേശി സോജന്‍ ജോസഫാണ് പിടിയിലായത്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ വച്ചാണ് തമിഴ്‌നാട് വനപാലകരെ നായാട്ട് സംഘം ആക്രമിച്ചത്. ഗൂഡല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിനു ശേഷമാണ്് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലര്‍ച്ചെ നാലു മണിയോടെയാണ് കുമളിക്ക് സമീപം ഓടമേട്ടിലെ വീട്ടില്‍ നിന്നുമാണ് സോജനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തത്.
കേസിലെ അഞ്ചാം പ്രതിയാണ് സോജന്‍. സോജന്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് തമിഴ്‌നാട് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വനപാലകരെ കണ്ടപ്പോള്‍ താന്‍ ഓടി രക്ഷപെട്ടെന്നും വനപാലകരെ ആക്രമിച്ചിട്ടില്ലെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
സോജനൊപ്പമുണ്ടായിരുന്ന ഒപ്പമുണ്ടായിരുന്ന നാലു പേര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി്. ജൂണ്‍ 30-ന് രാത്രിയിലാണ് കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ചെല്ലാര്‍കോവിലിനു സമീപമുള്ള വനമേഖലയില്‍ വെച്ച്് തമിഴ്‌നാട് വനപാലകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. വനമേഖലയില്‍ രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന വനപാലകര്‍ക്കു മുന്നില്‍ നായാട്ടു സംഘം അകപ്പെട്ടപ്പോള്‍ രക്ഷപെടാനായി തോക്കു ചൂണ്ടി.
പിടിവലിക്കിടയില്‍ തോക്കില്‍ നിന്ന് വെടി പൊട്ടിയെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ വാക്കത്തി ഉപയോഗിച്ച് ആക്രമിച്ചു. രണ്ടു വനപാലകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കേരള – തമിഴ്‌നാട് പോലീസും വനപാലകരും രാത്രി വനത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും അവരെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇവരില്‍ നിന്നും തോക്ക്,മാന്‍കൊമ്പ്, വാക്കത്തി, എന്നിവയും കസ്റ്റഡിയിലെടുത്തിരുന്നു.