ബി.എസ്.എന്‍.എല്‍ 4 ജി സംവിധാനം യാഥാര്‍ഥ്യമാകുന്നു
തൃശ്ശൂര്‍: ബി.എസ്.എന്‍.എല്‍. 4 ജി സംവിധാനം 15,000 ടവറുകളിലൂടെ ഭാഗികമായി യാഥാര്‍ഥ്യമാകുന്നു. നോക്കിയ കമ്പനിയുടെ ബി.ടി.എസ്. (ബേസ് ട്രാന്‍സീവര്‍ സ്റ്റേഷന്) എന്ന ഉപകരണമുള്ള മൊബൈല്‍ ടവറുകളിലാണിത്. നിലവിലുള്ള 3 ജി ഉപകരണങ്ങള്‍ക്കൊപ്പം ഈ ടവറുകളില്‍ അധികമായി ഒരു സംവിധാനം കൂടി വെയ്ക്കാനാണ് തീരുമാനം. മാനേജ്മെന്റ് ഇതിന് അനുമതി നല്കി. ഇനി ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതികൂടി മതിയാവും. തെക്കേയിന്ത്യയിലാണ് ഈ ടവറുകള്‍. കേരളത്തിലെ 80 ശതമാനം ടവറുകളും ഉള്‍പ്പെടും.
പദ്ധതി നടപ്പിലാക്കുമ്പോള്‍ വരിക്കാര്‍ക്ക് മികച്ച ഇന്റര്‍നെറ്റ് സേവനം കിട്ടും. സ്പെക്ട്രം ഉപയോഗിക്കുന്നതിന് 30 കോടി രൂപ പ്രതിമാസം യൂസര്‍ഫീ ആയി ബി.എസ്.എന്‍.എല്‍. സര്‍ക്കാരിന് നല്‍കേണ്ടി വരും. എന്നാല്‍, 4ജി സേവനം വരുമ്പോള്‍ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്നതിലൂടെ വരുമാന വര്‍ധനയും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.
മൊബൈല്‍ ടവറുകളിലെ ഉപകരണങ്ങളില്‍ രണ്ട് ഘടകങ്ങളാണുള്ളത്. ടവറിന്റെ മുകളിലുള്ള ഭാഗത്തെ റേഡിയോ പാര്‍ട്ട് എന്നും താഴെയുള്ളതിനെ ബേസ് യൂണിറ്റ് എന്നും വിളിക്കും. രണ്ടും കൂടിച്ചേര്‍ന്നതാണ് ബി.ടി.എസ്. ആഡ് ഓണ്‍ പ്രകാരം റേഡിയോ പാര്‍ട്ടുകളിലാണ് പുതിയ ഉപകരണം ഘടിപ്പിക്കേണ്ടി വരുക.
60,000-ഓളം ടവറുകളാണ് രാജ്യത്ത് മുഴുവന്‍ ബി.എസ്.എന്‍.എലിനുള്ളത്. ഉപകരണങ്ങളില്‍ 20 ശതമാനം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്ളതാവണമെന്ന ശുപാര്‍ശ വന്നതോടെയാണ് 4ജിക്കുവേണ്ടി വിളിച്ച ടെന്‍ഡര്‍ റദ്ദായത്. 2018-ല്‍ ബി.എസ്.എന്‍.എലിന്റെ പുനരുദ്ധാരണ പാക്കേജിനൊപ്പം അനുവദിച്ച 4ജി സ്പെക്ട്രവും പുതിയ തീരുമാന പ്രകാരം ഉപയോഗിക്കാനാവും.