രാത്രി ഓട് ഇളക്കി വീട്ടില്‍ കയറി നിര്‍ധനയായ വൃദ്ധയെ ആക്രമിക്കാന്‍ ശ്രമം
പത്തനംതിട്ട:പത്തനംതിട്ടയില്‍ രാത്രിയുടെ മറവില്‍ ഓട് ഇളക്കി വീട്ടില്‍ കയറി നിര്‍ദനയായ വൃദ്ധയെ ആക്രമിക്കാന്‍ ശ്രമം . സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പള്ളം പറയാന്‍ ആലി അണ്ണാ വാതുക്കല്‍ മഹേഷ് ആണ് അക്രമണ ശ്രമത്തെ തുടര്‍ന്ന് അറസ്റ്റിലായത്. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. പള്ളം പറയാന്‍ ആലി നാരായണമംഗലം വീട്ടില്‍ രാജമ്മയാണ് ആക്രമിക്കപ്പെട്ടത്.
രാത്രിയില്‍ മദ്യപിച്ചെത്തിയ മഹേഷ് കതകില്‍ അടിച്ചു ശബ്ദമുണ്ടാക്കുകയും രാജമ്മയോട് കതക് തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രാജമ്മ പേടിച്ച് കതക് തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഓടിളക്കി അകത്തു കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ഇടയില്‍ മഹേഷിന്റെ കയ്യില്‍ കടിച്ച് രാജമ്മ നിലവിളിച്ചു.
നിലവിളി കേട്ട് അയല്‍വാസികള്‍ വന്നപ്പോള്‍ മഹേഷ് അടുക്കള വാതില്‍ പൊളിച്ച് ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.ഏഴ് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഗോപിനാഥന്‍ നായര്‍ മരിച്ചപ്പോള്‍ മുതല്‍ ഒറ്റയ്ക്കാണ് രാജമ്മയുടെ താമസം മക്കളില്ലാത്ത രാജമ്മ തയ്യല്‍ ജോലിയിലൂടെയാണ് ഉപജീവനം നടത്തിയിരുന്നത്.
എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയപ്പോള്‍ പെന്‍ഷന്‍ മാത്രമായി ആശ്രയം. മരുന്നു വാങ്ങാന്‍ പോലും പെന്‍ഷന്‍ തികയാത്ത അവസ്ഥയില്‍ വഴിമുട്ടി ഇരിക്കുകയാണ് രാജമ്മയുടെ ജീവിതം. അതേസമയം സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന അക്രമത്തില്‍ മഹിളാമോര്‍ച്ച പ്രതിഷേധിച്ചു.