ഭീഷണി കത്തയച്ചെന്നു പറഞ്ഞ് പേടിപ്പിക്കേണ്ട, സമഗ്ര അന്വേഷണം വേണം;പി.ജയരാജന്‍
കോഴിക്കോട്: ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകന്‍ നന്ദുവിനേയും വധിക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന ഭീഷണിക്കത്തിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പി. ജയരാജന്‍. വടകര എംഎല്‍എയുടെ പേരില്‍ ലഭിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യപ്പെട്ട് പി.ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ തന്റെ നിലപാട് വ്യക്തമാക്കി.
ജനങ്ങള്‍ മറന്നുപോയ ഒരു കേസും അതിനെ കുറിച്ചുള്ള കള്ള കഥകളും പ്രചരിപ്പിക്കുന്നത് നിയമസഭാ സമ്മേളനത്തില്‍ വിഷയദാരിദ്ര്യം മൂലം ആണോ എന്നും ഈ ഭീഷണിക്കത്തിന്റെ പിന്നിലുള്ളത് യുഡിഎഫിലെ ഒരു ക്രിമിനല്‍ രാഷ്ട്രീയ നേതൃത്വമാണെന്നും സംശയിക്കുന്നുണ്ടെന്നും ഇവയെല്ലാം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നുമാണ് പി.ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വടകര എംഎല്‍എയുടെ പേരില്‍ ലഭിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. പുതുതായി അവരോധിക്കപ്പെട്ട കെപിസിസി പ്രസിഡന്റ് വന്നപ്പോള്‍ കോണ്‍ഗ്രസ്സിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്റെ കുടുംബത്തെ തകര്‍ക്കുമെന്ന ഭീഷണിക്കത്ത് വന്നു എന്നതും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.
ജനങ്ങള്‍ മറന്നുപോയ ഒരു കേസും അതിനെ കുറിച്ചുള്ള കള്ള കഥകളും ലൈവാക്കി നിലനിര്‍ത്താന്‍ നിയമസഭാ സമ്മേളനത്തില്‍ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനല്‍ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന്റെ പിന്നിലുള്ളതെന്നും സംശയിക്കണം.അവയെല്ലാം വെളിച്ചത്ത് കൊണ്ടുവരുന്ന നിലയിലുള്ള അന്വേഷണം നടത്തണം. രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ഈയിടെ പുറത്ത് വന്ന വാര്‍ത്തകള്‍ ആരും മറന്നുപോയിട്ടില്ല.
അതേസമയം കോഴിക്കോട് എസ്എം സ്ട്രീറ്റില്‍ നിന്നും പോസ്റ്റ് ചെയ്ത ഭീഷണിക്കത്തിന് മറുപടിയായി വടകര എംഎല്‍എ കെ കെ രമ നേരത്തെ പ്രതികരിച്ചിരുന്നു.
ഭീഷണി കത്തുകൊണ്ട് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും ഇതിന് മുന്‍പ് എത്രയോ തവണ ഭീഷണി കത്ത് വന്നിട്ടുണ്ടെന്നും അതൊന്നും കണ്ട് താന്‍ പതറിയിട്ടില്ലെന്നും കെ കെ രമ പ്രതികരിച്ചിരുന്നു.