ആനവണ്ടി ഇനി യാത്രക്കാരെ ഉപേക്ഷിക്കില്ല;മാറ്റങ്ങള്‍ ഉടന്‍
തിരുവനന്തപുരം: ആനവണ്ടി എന്ന ഓമന പേരുള്ള നമ്മുടെ സ്വന്തം കെ എസ് ആര്‍ ടി ബസുകള്‍ സര്‍വീസുകള്‍ മുടങ്ങാതെ യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള മുന്നൊരുക്കത്തിലാണ്. അത്തരത്തില്‍ ഒരു കാരണവശാലും ഇനി മുതല്‍ അപകടമോ, ബ്രേക്ക് ഡൗണ്‍ കാരണമോ യാത്രക്കാരെ വലയ്ക്കാതിരിക്കാനുള്ള സംവിധാനം ഒരുങ്ങുകയാണ്.
യാത്രക്കാരെ പരമാവധി 30 മിനിറ്റില്‍ കൂടുതല്‍ വഴിയില്‍ നിര്‍ത്തില്ല. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ പകരം സംവിധാനം ഏര്‍പ്പെടുത്തി യാത്ര ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുകായണെന്ന് സിഎംഡി അറിയിച്ചു. കൂടാതെ മുന്‍കൂര്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയ സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്ര തുടങ്ങും മുമ്പ് ക്യാന്‍സല്‍ ചെയ്യുന്നതായുള്ള പരാതിയും ഇനി യാത്രക്കാരില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ മുന്‍കൂര്‍ റിസര്‍വേഷന്‍ ചെയ്ത സര്‍വീസുകള്‍ മുടക്കം കൂടാതെ തന്നെ നടത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞെന്നും സിഎംഡി പറയുന്നു.
ഏതു സമയവും കണ്‍ട്രോള്‍ റൂം സജ്ജമായിരിക്കും. യാത്രാ വേളയില്‍ ബസുകള്‍ ബ്രേക്ക് ഡൗണ്‍ അല്ലെങ്കില്‍ ആക്‌സിഡന്റ് ആകുന്ന സാഹചര്യം സംജ്ജാതമായാല്‍ അഞ്ചു മിനിറ്റിനകം തന്നെ കണ്‍ട്രോള്‍ റൂമില്‍ കണ്ടക്ടര്‍മാര്‍ വിവരം അറിയിക്കണം. വിവരം ലഭ്യമാകുന്നതിന്റെ സമയാനുസരണം കണ്‍ട്രോള്‍ റൂമില്‍ നിന്നും ഉടന്‍ തന്നെ തൊട്ടടുത്ത ഡിപ്പോയില്‍ അറിയിക്കുകയും 15 മിനിറ്റിനകം മറ്റു സംവിധാനം ഏര്‍പ്പെടുത്തുകയും യാത്ര പുനംരാരംഭിക്കുകയും ചെയ്യാനാണ് പദ്ധതി. അതേസമയം സര്‍വീസ് നടത്തിയ ബസിന്റെ അതേ ക്ലാസില്‍ ഉള്ള ബസ് ലഭ്യമാകണമെന്നില്ല എന്നതിനാല്‍ സര്‍വ്വീസ് നടത്തിയ ബസിന്റെ താഴത്തെയോ, മുകളിലത്തെയോ ശ്രേണിയില്‍ ലഭ്യമാകുന്ന ബസ് ഏതാണോ ആ ബസ് ഉപയോഗിച്ച് അടുത്ത ഡിപ്പോ വരെ സര്‍വീസ് തുടരുന്നതിനുള്ള നടപടി സ്വീകരിക്കും.
തുടര്‍ന്ന് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍മാരെ വിവരം അറിയിച്ച് പകരം സംവിധാനം അടുത്ത ഡിപ്പോയില്‍ നിന്നും ഒരുക്കും. അതിന്റെ ഉത്തരവാദിത്തം ആ യൂണിറ്റിലെ ഡിറ്റിഒ, എറ്റിഒമാര്‍ക്ക് ആയിരിക്കും. ഒരു സര്‍വീസിന്റെ ഓണ്‍വേര്‍ഡ് ട്രിപ്പില്‍ ബ്രേക്ക് ഡൗണ്‍ , ആക്‌സിഡന്റ് എന്നിവ കാരണം സര്‍വീസ് മുടങ്ങിയാല്‍ ഈ സര്‍വീസിന്റെ റിട്ടേണ്‍ ട്രിപ്പില്‍ മുന്‍കൂട്ടി റിസര്‍വേഷന്‍ ഉണ്ടെങ്കില്‍ കണ്ടക്ടര്‍മാര്‍ ഈ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും അവിടെ നിന്നും ഉടന്‍ തന്നെ ആ യൂണിറ്റിലെ ഓഫീസറെ അറിയിച്ച് പകരം സംവിധാനം ഒരുക്കി റിട്ടേണ്‍ ട്രിപ്പ് മുടക്കം കൂടാതെ നടത്തുകയും വേണം എന്നും സിഎംഡി വ്യക്തമാക്കുന്നു.
സര്‍വ്വീസ് മുടങ്ങുകയാണെങ്കില്‍ കണ്ടക്ടര്‍ക്ക് പകരം ബസിലെ യാത്രാക്കാര്‍ക്കും കണ്‍ട്രോല്‍ റൂമില്‍ വിളിച്ച് വിവരങ്ങള്‍ പറയാനും. വാട്‌സ്ആപ്പ് വഴി കെ എസ് ആര്‍ ടിസിയുടെ ഫോട്ടോ ഉള്‍പെടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.