മരം മുറിച്ചില്ലെങ്കില്‍ ഇനി പൂട്ടു വീഴും; ‘നേത്രാവതി’ക്ക് മുകളില്‍ തെങ്ങ് വീണ സംഭവം; ഉടമയ്ക്ക് പിഴ
കണ്ണൂര്‍: പാളത്തിനരികെ വീഴാറായ മരം മുറിക്കാത്തവര്‍ക്കെതിരെ റെയില്‍വെ കേസെടുക്കുന്നു. തെങ്ങുവീണ് നേത്രാവതി എക്‌സ്പ്രസിന്റെ യാത്ര മുടങ്ങിയ സംഭവത്തില്‍ തെങ്ങിന്റെ ഉടമയ്‌ക്കെതിരേ കേസെടുത്തു.
നോട്ടീസ് നല്‍കിയിട്ടും മരം മുറിക്കാത്തതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ തെങ്ങുവീണ സംഭവത്തില്‍് ഉടമയില്‍ നിന്ന് നഷ്ടപരിഹാരവും ഈടാക്കും. റെയില്‍പ്പാളത്തിനടുത്തുളള തെങ്ങ് മുറിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്കു മുന്‍പ് ഉടമയ്ക്ക് നോട്ടീസ് നല്‍കിയതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. എന്നാല്‍, മരം മുറിച്ചില്ല. തെങ്ങുവീണ് നേത്രാവതി എക്‌സ്പ്രസിന്റെ യാത്ര മുടങ്ങി. ഇതേ തുടര്‍ന്നാണ് കേസെടുത്തത്. റെയില്‍വേ ആക്ട് പ്രകാരം തീവണ്ടിക്കും യാത്രക്കാരുടെ സുരക്ഷയ്ക്കും പ്രശ്‌നമാകുന്നത് ശിക്ഷാര്‍ഹമാണെന്ന് കാണിച്ചാണ് കേസിലേക്ക് തിരിഞ്ഞത്.
കൊയിലാണ്ടി-തിക്കോടി സെക്ഷനിലാണ് നേത്രാവതി എക്‌സ്പ്രസിന് മുകളില്‍ തെങ്ങ് വീണത്. സംഭവത്തില്‍ എന്‍ജിനും വൈദ്യുതിലൈനും തകരാറുണ്ടായി. തിരുവനന്തപുരത്തു നിന്ന് മുംബൈയിലേക്കുള്ള വണ്ടി മൂന്നു മണിക്കൂര്‍ പിടിച്ചിട്ടു. അതിനാല്‍ ഇതിനു പിന്നാലെയുള്ള മറ്റു വണ്ടികളും വൈകി. ലോക്കോയുടെ വിന്‍ഡ് ഷീല്‍ഡ് പൊട്ടിയതിനാല്‍ പുതിയ എന്‍ജിന്‍ ഘടിപ്പിച്ചാണ് വണ്ടി പുറപ്പെട്ടത്. 2020 ഏപ്രില്‍ മുതല്‍് ഈ വര്‍ഷം ജൂലായ് വരെ പാലക്കാട് ഡിവിഷനില്‍ 28 മരങ്ങളാണ് വീണത്. ജൂണ്‍ 13-ന് വടകര പാലയാട്ട് നടയില്‍ പാളത്തിലേക്ക് തെങ്ങു വീണിരുന്നു. ആ സമയത്തെത്തിയ മാവേലി എക്‌സ്പ്രസ് തലനാരിഴയ്ക്കാണ്് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തിരുവനന്തപുരം ഡിവിഷനില്‍ വീഴാറായ മരങ്ങള്‍ മുറിച്ചതിനാല്‍ ഗതാഗതം തടസ്സപ്പെട്ടില്ല. എന്നാല്‍, മരങ്ങള്‍ മുറിക്കണമെന്നാവശ്യപ്പെട്ട് ഉടമസ്ഥര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
എന്നാല്‍ സ്വകാര്യ ഭൂമിയിലെ മരങ്ങള്‍ മുറിച്ച് സുരക്ഷയൊരുക്കുന്നതില്‍ ഉടമകള്‍ക്ക് താത്പര്യമില്ല. കായ്ക്കുന്ന മരങ്ങള്‍ വെറുതെ മുറിക്കാന്‍ അവര്‍ തയ്യാറല്ല. സംസ്ഥാന റവന്യൂ വകുപ്പും റെയില്‍വേയും ചേര്‍ന്ന് മരംമുറിക്കുള്ള നഷ്ടപരിഹാരം നല്‍കണമെന്നാണ് അവരുടെ ആവശ്യം. റെയില്‍വേ നഷ്ടപരിഹാരം കൊടുക്കാത്തതാണ് ഇവര്‍ മരം മുറിക്കാത്തതിനുളള പ്രധാന കാരണം. വീഴാറായ മരം റെയില്‍വെ സൗജന്യമായി മുറിച്ചുമാറ്റും. എന്നാല്‍ 25000 വോള്‍ട്ട് വൈദ്യുതിലൈന്‍ ആയതിനാല്‍ അനുമതികിട്ടിയാല്‍ മാത്രമേ മരം മുറിക്കാനാവൂ.