ദ്രാവിഡിന്റെ മുന്നേറ്റം; ശാസ്ത്രിക്ക് തലവേദന
മുംബൈ: ഇന്ത്യ ശ്രീലങ്ക പരമ്പരയില്‍ രണ്ട് ഏകദിനവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. നായകനായ ധവാനും പുതുനിരയുമായാണ് ഇന്ത്യ ശ്രീലങ്കയോട് പൊരുതി ജയിച്ചത്. ഇന്ത്യന്‍ നായകനയും ടീമിനെയും പരിഹസിച്ച് നിരവധി പ്രതികരണവും ഉണ്ടായിരുന്നു. ഇതിനൊക്കെ മറുപടിയായിരുന്നു ഇന്ത്യയുടെ രണ്ട് ഏകദിന പരമ്പര ജയം.
എന്നാല്‍ ഇന്ത്യയുടെ ജയത്തിലുപരി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉയരുന്ന ചോദ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി പുറത്താകുമോ എന്നത്. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാല്‍, താല്‍ക്കാലിക ക്രമീകരണമെന്ന നിലയ്ക്കാണ് മുന്‍പ് ഇന്ത്യ എ ഉള്‍പ്പെടെയുള്ള ജൂനിയര്‍ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള ദ്രാവിഡിനെ ബിസിസിഐ ലങ്കന്‍ പര്യടനത്തിന്റെ ചുമതലയേല്‍പ്പിക്കുന്നത്.
സീനിയര്‍ ടീമിന്റെ ഉത്തരവാദിത്തമുള്ള കന്നി പരമ്പരയില്‍ത്തന്നെ ദ്രാവിഡ് തന്റെ മികവ് അടയാളപ്പെടുത്തിയിരിക്കുന്നു. രണ്ടു കളികളിലും പരിശീലകന്‍ എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് പകര്‍ന്ന ആത്മവിശ്വാസം കളിക്കാരില്‍ തെളിഞ്ഞു കണ്ടു. അതേസമയം സീനിയര്‍ ടീമിനൊപ്പം വിജയങ്ങള്‍ സ്വന്തമാക്കുമ്പോഴും, പ്രധാന കിരീട വിജയങ്ങള്‍ സ്വന്തമാക്കാന്‍ ശാസ്ത്രിക്ക് സാധിച്ചിട്ടില്ല. അതിനാല്‍ ശാസ്ത്രിക്ക് പകരം മുഴുവന്‍ സമയ പരിശീലകനായി ദ്രാവിഡ് വരുമോ എന്ന ചോദ്യം ഉയരുകയാണ്.
ഈ വര്‍ഷം അവസാനം നടക്കേണ്ട ട്വന്റി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിക്കുകയാണ്. രണ്ടാം തവണയും അദ്ദേഹത്തിന് കരാര്‍ പുതുക്കി നല്‍കുന്നില്ലായെങ്കില്‍ പകരം പരിശീലകനെ കണ്ടെത്തണം. ഈ സാഹചര്യത്തിലാണ് രാഹുല്‍ ദ്രാവിഡിന്റെ പേര് ആരാധകര്‍ക്കിടയില്‍ നിന്ന് ഉയരുന്നത്. എന്നാല്‍, ശാസ്ത്രിയുടെ കാലാവധി തീര്‍ന്നാലും രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് സ്വന്തം പേര് ഉയര്‍ത്തിക്കാട്ടാന്‍ സാധ്യത കുറവാണെന്നാണ് മുന്‍ താരവും നിലവില്‍ കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ പ്രതികരണം.