ഗതാഗത മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പുറത്ത്; ഒഴിവാക്കിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം.
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ പി.കെ.ശ്രീവത്സ കുമാറിനെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സ്ഥാനത്ത് നിന്നും ഒഴിവാക്കി . പാര്‍ട്ടി അറിയാതയാണ് പി.കെ.ശ്രീവത്സ കുമാറിനെ ഗതാഗത മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.
ഇതേ തുടര്‍ന്നാണ് സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. ഈ മാസമാണ് പി.കെ.ശ്രീവത്സ കുമാറിനെ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫായി നിയമിച്ചത്. പക്ഷേ നിയമനത്തിന് പാര്‍ട്ടിയുടെ അനുമതി ഇല്ലന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പുറത്താക്കിയത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ട് മാസമായിട്ടും പല മന്ത്രിമാരുടെയും പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനം ആയിട്ടില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന ആരോപണം ഉള്ളതിനാല്‍ ജാഗ്രതയോടെ മാത്രമേ പഴ്‌സനല്‍ സ്റ്റാഫ് നിയമനം നടത്താവു എന്ന് പാര്‍ട്ടി നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. ഇത് ലംഘിച്ചാണ് പി.കെ.ശ്രീവത്സ കുമാറിന്റെ നിയമനം.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് പി.കെ.ശ്രീവത്സ കുമാര്‍ കടകംപള്ളി സുരേന്ദ്രന്റെ പഴ്‌സനല്‍ സ്റ്റാഫിലെ അംഗമായിരുന്നു. എന്നാല്‍ ചില ചട്ടങ്ങള്‍ മറികടന്ന ശ്രീവത്സനെ മന്ത്രി തന്നെ അന്ന് ഒഴിവാക്കുകയായിരുന്നു.