അശ്ലീലചിത്ര നിര്‍മ്മാണം: പ്രതികരണവുമായി നടി ശില്‍പ ഷെട്ടി
മുംബൈ: അശ്ലീല ചിത്ര നിര്‍മ്മാണ കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി താരം രംഗത്ത്.
മുന്‍പും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ടെന്നും ഭാവിയില്‍ ഇവയെ ധൈര്യത്തോടെ നേരിടുമെന്നും അര്‍ത്ഥമാക്കുന്ന ജെയിംസ് തര്‍ബറുടെ പുസ്തകത്തിലെ ഒരു പേജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് താരം സംഭവത്തില്‍ പ്രതികരിച്ചത്.
‘കോപത്തോടെ പിന്നിലേക്കും, ഭയത്തോടെ മുന്നോട്ടും നോക്കരുത്, എന്നാല്‍ ചുറ്റുമുള്ളതിനെക്കുറിച്ച് അവബോധമുണ്ടാകണം.
നമ്മളെ വേദനിപ്പിച്ചവരെയും നേരിട്ട മോശം അനുഭവങ്ങളെയും കോപത്തോടെയായിരിക്കും നമ്മള്‍ ഓര്‍ക്കുക. ജോലി നഷട്‌പ്പെടുമോ, അസുഖം വരുമോ, പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ തുടങ്ങി ഒട്ടേറെ ഭയങ്ങളുമായാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്.
നമ്മള്‍ ഇപ്പോള്‍ എവിടെയാണോ അവിടെയുണ്ടാകണം. ഇനി എന്താണെന്നോ, എങ്ങനെയായിരിക്കണമെന്നോ ആശങ്കപ്പെടേണ്ടതില്ല, എന്നാല്‍ അതിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം.
ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ ഭാഗ്യവാനാണെന്ന് ചിന്തിച്ചുകൊണ്ട് ഞാനൊരു ദീര്‍ഘശ്വാസമെടുക്കുന്നു. മുന്‍കാലങ്ങളില്‍ നേരിട്ട വെല്ലുവിളികളെ അതിജീവിച്ചിരുന്നു, ഭാവിയിലെ വെല്ലുവിളികളെയും അതിജീവിക്കും. ഇന്നത്തെ എന്റെ ജീവിതത്തെ മറ്റൊന്നിനും വ്യതിചലിപ്പിക്കാന്‍ കഴിയില്ല’, ഇതായിരുന്നു പുസ്തക പേജിലെ വരികളുടെ അര്‍ത്ഥം
ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ പോലീസ് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അശ്ലീല ചിത്രം നിര്‍മിക്കുകയും വിവിധ ആപ്പുകളുടെ ഉപയോഗത്തോടെ ചിത്രം പ്രചരിപ്പിക്കുകയും ചെയ്യുന്ന അശ്ലീല നിര്‍മ്മാണ റാക്കറ്റിന്റെ മുഖ്യ സൂത്രധാരന്‍ രാജ് കുന്ദ്രയാണെന്ന് കണ്ടെത്തിയതോടെയാണ് മുംബൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അശ്ലീല ആപ് വഴി 7.5 കോടി രൂപയോളം കുന്ദ്ര വരുമാനം ഉണ്ടാകുന്നുമെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അതേസമയം അശ്ലീലചിത്ര നിര്‍മ്മാണ റാക്കറ്റില്‍ നടി ശില്‍പ ഷേട്ടിക്ക് നേരിട്ട് പങ്കില്ല എന്നാണ് പോലീസിന് ലഭ്യമായ വിവരം.