ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ടോക്യോയില്‍ തുടക്കമായി; ഇനി ഒരുമയുടെ നാളുകള്‍
ടോക്യോ: കൊവിഡ് മഹാമാരിയുടെ ഹര്‍ഡിലുകളെയെല്ലാം മറികടന്ന് 32-ാമത് ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ടോക്യോയില്‍ തുടക്കമായി. ആകാശത്ത് വര്‍ണ വിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്. ഒരുമയുടെ സന്ദേശമുയര്‍ത്തിയ ഉദ്ഘാടനച്ചടങ്ങ് ഇന്ത്യന്‍ സമയം 4.30നാണ് ആരംഭിച്ചത്. കരിമരുന്ന് പ്രയോഗത്തിന് പിന്നാലെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ആരംഭിച്ചു.
ഒളിംപിക്‌സിന്റെ ജന്‍മനാടായ ഗ്രീസ് ആണ് മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത്. രണ്ടാമതായി അഭയാര്‍ത്ഥികളുടെ ടീം മാര്‍ച്ച് പാസ്റ്റ് ചെയ്തു. ജപ്പാനീസ് അക്ഷരമാല ക്രമത്തില്‍ നടന്ന മാര്‍ച്ച് പാസ്റ്റില്‍ 21-മതായാണ് ഇന്ത്യ എത്തിയത്. ബോക്‌സിംഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്. 20 കായികതാരങ്ങളടക്കം 28 പേരാണ് ഇന്ത്യയെ പ്രിതനിധീകരിച്ച് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.
കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ക്ക്് ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ ജാപ്പനീസ് സംഗീതത്തിനൊപ്പം ആതിഥേയ രാജ്യത്തിന്റെ സാംസ്‌കാരിക തനിമ നിറഞ്ഞു നില്‍ക്കുന്ന പരിപാടികള്‍ നടന്നു.
ആധുനിക ചരിത്രത്തിലെ 32-ാം ഒളിമ്പിക്‌സില്‍ 33 മത്സര ഇനങ്ങളാണുള്ളത്. 339 മെഡല്‍ ഇനങ്ങളിലായി 11,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 42 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.