തെരുവ് നായകളോട് ക്രൂരത; മുപ്പത് നായകളുടെ ജഡം കണ്ടെത്തി.
കൊച്ചി: തെരുവ് നായകളെ കൊന്നൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകളുമായി അന്വേഷണ സംഘം രംഗത്ത്. നഗരസഭാ പരിസരത്തെ മാലിന്യസംഭരണ കേന്ദ്രത്തില്‍ കുഴിച്ചിട്ട നായകളുടെ ജഡം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
മുപ്പത് നായകളുടെ ജഡമാണ് അധികൃതര്‍ കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിനായി ജഡം പോസ്റ്റ്മാര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൂന്ന് നായകളെ പിടികൂടി തല്ലികൊല്ലുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നംഗ സംഘത്തെ പിടികൂടി. സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ട് അമിക്യസ്ക്യുറിയെ നിയമിച്ചിട്ടുണ്ട്.
പിന്നീട് കസ്റ്റെഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതോടെ ഹെല്‍ത്ത് ഇന്‍സ്പകറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നായകളെ പിടികൂടിയതെന്നും നായകളെ തൃക്കാക്കര നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്ന് മൂന്ന് നായകളുടെ ജഡത്തിനായി തിരഞ്ഞ അന്വേഷണ സംഘം മുപ്പതിലധികം നായകളുടെ ജഡം കണ്ടെത്തുകയായിരുന്നു.
ഇതിനിടയില്‍ നായകളെ ക്രൂരമായി കൊന്നൊടുക്കിയ വിവരം അറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധ പ്രകടനവും പ്രതിപക്ഷം നഗരസഭ ഉപരോധവും നടത്തി. കേസിലെ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.