ഐഎന്‍എല്‍ യോഗത്തില്‍ കയ്യാങ്കളി; തമ്മിലടി മന്ത്രിയുടെ സാന്നിധ്യത്തില്‍
കൊച്ചി: എറണാകുളത്ത് നടന്ന ഐ.എന്‍.എല്‍ സംസ്ഥാന യോഗത്തില്‍ സംഘര്‍ഷവും തമ്മിലടിയും. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് തമ്മിലടി നടന്നത്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിവസമായ ഇന്ന് കൊവിഡ് ചട്ടം ലംഘിച്ച് ഹോട്ടലില്‍ നടന്ന യോഗത്തിലാണ് കയ്യാങ്കളി നടന്നത്. രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.
യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
അബ്ദുള്‍ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂരും, മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഹോട്ടലില്‍ തുടരുകയായിരുന്നു. ഇവര്‍ക്ക് എതിരെ പ്രതിഷേധങ്ങളും ചീത്ത വിളികളും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉയര്‍ത്തുകയും ഹോട്ടലിന് ഉള്ളിലേക്ക് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയും ചെയ്തു.
കാസിം ഇരിക്കൂറിനെ പൊലീസ് അകമ്പടിയോടെ ഹാളില്‍ നിന്ന് മാറ്റി്. തുടക്കം മുതല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ യോഗത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പ്രസിഡന്റ് അബ്ദുള്‍ വഹാബ് പറഞ്ഞു. രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളയുര്‍ത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം ഇരിക്കൂര്‍ മോശമായി പ്രതികരിച്ചെന്നും അബ്ദുള്‍ വഹാബ് വിമര്‍ശിച്ചു.
ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പ്രതികരണങ്ങള്‍ ഉണ്ടായപ്പോള്‍ യോഗത്തില്‍ വലിയ തോതില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതിന് പിന്നാലെയാണ് യോഗം നിര്‍ത്തിവെച്ചതായി താന്‍ അറിയിച്ചതെന്നും അദ്ദേഹം് പറഞ്ഞു. പ്രവര്‍ത്തക സമിതി യോഗത്തിന്റെ മിനുട്ട്‌സില്‍ രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് കാസിം ഇരിക്കൂര്‍ എഴുതിവെച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമായത്. അതേസമയം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിവസമായ ഇന്ന്് കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചാണ് ഐ.എന്‍.എല്‍ ഹോട്ടലില്‍ നേതൃയോഗം ചേര്‍ന്നത്. കൊവിഡ് നിരോധന നിയമപ്രകാരം ഹോട്ടലിന് എതിരെ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു.