Uncategorized

ഐ.എന്‍.എല്‍ പിളര്‍ന്നു; തമ്മിലടിക്ക് ശേഷം ഇരുവിഭാഗവും പരസ്പരം പുറത്താക്കി

കൊച്ചി: എറണാകുളത്ത് നടന്ന ഐ.എന്‍.എല്‍ സംസ്ഥാന യോഗത്തില്‍ സംഘര്‍ഷവും തമ്മിലടിക്കും ശേഷം ഐ.എന്‍.എല്‍. (ഇന്ത്യന്‍ നാഷണല്‍ ലീഗ്) പിളര്‍ന്നെന്ന വാര്‍ത്ത പുറത്ത് വരുന്നു. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിവസമായ ഇന്ന് കൊവിഡ് ചട്ടം ലംഘിച്ച് ഹോട്ടലില്‍ നടന്ന യോഗത്തിലായിരുന്നു തമ്മിലടി നടന്നത്.


പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് അറിയിച്ചു. അതേസമയം അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു. അബ്ദുള്‍ വഹാബ് വിഭാഗം പുതിയ ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളെ നിയമിച്ചു.

അതേ സമയം മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഐഎന്‍എല്‍ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങള്‍ക്കെന്നാണ് കാസിം വിഭാഗം അവകാശപ്പെടുന്നത്. അബ്ദുള്‍ വഹാബിനെ പുറത്താക്കിയ തീരുമാനം ദേശീയ നേതൃത്വത്തിന്റെതാണെന്നും കാസിം ഇരിക്കൂര്‍ വ്യക്തമാക്കി. ഹോട്ടലില്‍ നടന്ന യോഗത്തില്‍ രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്.

യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. അബ്ദുള്‍ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂരും, മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഹോട്ടലില്‍ തുടരുകയായിരുന്നു. ഇവര്‍ക്ക് എതിരെ പ്രതിഷേധങ്ങളും ചീത്ത വിളികളും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉയര്‍ത്തുകയും ഹോട്ടലിന് ഉള്ളിലേക്ക് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയും ചെയ്തു.

കാസിം ഇരിക്കൂറിനെ പൊലീസ് അകമ്പടിയോടെ ഹാളില്‍ നിന്ന് മാറ്റി്. തുടക്കം മുതല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ യോഗത്തിന്റെ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പ്രസിഡന്റ് അബ്ദുള്‍ വഹാബ് പറഞ്ഞു. രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളയുര്‍ത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം ഇരിക്കൂര്‍ മോശമായി പ്രതികരിച്ചെന്നും അബ്ദുള്‍ വഹാബ് വിമര്‍ശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button