കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പാര്‍വതി നടത്തിയ വെളിപ്പെടുത്തലിനോടുള്ള തന്റെ പ്രതികരണം തെറ്റായിപ്പോയി; ജൂഡ് ആന്തണി
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പാര്‍വതി നടത്തിയ വെളിപ്പെടുത്തലിനോടുള്ള തന്റെ പ്രതികരണം തെറ്റായിപ്പോയെന്ന് സംവിധായകന്‍ ജൂഡ് ആന്തണി. ദേഷ്യം വന്ന് പോസ്റ്റിട്ടപ്പോള്‍ ഭാര്യ പറഞ്ഞു സ്ത്രീ വിരുദ്ധതയാണ് ഇട്ടിരിക്കുന്നത്, മാറ്റണമെന്ന്, എന്നാല്‍ അപ്പോഴേക്കും അത് വൈറലായി മാറിയിരുന്നു എന്ന് ജൂഡ് പറയുന്നു.
സാറാസ് സിനിമയുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിക്കവെയാണ് ജൂഡ് എം.എം. മണിയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ തെറ്റുപറ്റിയെന്ന് തുറന്ന് സമ്മതിച്ചത്.
‘എം.എം. മണി മന്ത്രിയായിരുന്നപ്പോള്‍ ‘ അങ്ങനെ ആയിരുന്നെങ്കില്‍ സ്‌കൂളില്‍ പോകേണ്ടിയിരുന്നില്ല’ എന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് തെറ്റായിരുന്നു. കാരണം പിന്നീടാണ് അദ്ദേഹത്തിന് സ്‌കൂളില്‍ പോകാന്‍ പറ്റാതിരുന്ന സാഹചര്യത്തെക്കുറിച്ചൊക്കെ ഞാന്‍ മനസിലാക്കുന്നത്. ജീവിതാനുഭവങ്ങള്‍ ഏറെയുള്ള ആളാണ് അദ്ദേഹമെന്നും അറിഞ്ഞത് പിന്നീടാണ്. വിദ്യാഭ്യാസമല്ല ഒരു മന്ത്രിയാകാനുള്ള മാനദണ്ഡം എന്ന് മനസിലായത് പിന്നീടാണ്. അതെനിക്ക് പറ്റിയ തെറ്റാണ്.
അന്നത്തെ പോസ്റ്റിടാന്‍ കാരണം മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ഏതോ ഹിന്ദി അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞതായി മലയാളം ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണ്. അവര്‍ സത്യത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് പോലും തനിക്ക് അറിയില്ല. പക്ഷേ സത്യത്തില്‍ അത് കേട്ടപാതി കേള്‍ക്കാത്ത പാതി തനിക്ക് നല്ല ദേഷ്യം വന്നു.
കാരണം തന്റെ സിനിമയിലോ തന്റെ കൂട്ടുകാരുടെ സിനിമകളിലോ തനിക്ക് അറിയാവുന്നവരുടെ സിനിമകളിലോ അത് കേട്ടിട്ടു പോലുമില്ല. ഒരാള്‍ക്ക് അങ്ങനെ അനുഭവമുണ്ടായിട്ടുണ്ടെങ്കില്‍ അപ്പോള്‍ മറുപടി നല്‍കുകയാണ് വേണ്ടത്. പക്ഷേ അങ്ങനെ പറയേണ്ടതിന് പകരം താന്‍ വളരെ മോശം വാക്കുകളാണ് ഉപയോഗിച്ചത്.
ആ പോസ്റ്റിട്ടപ്പോള്‍ തന്നെ ഭാര്യ പറഞ്ഞു ‘നിങ്ങള്‍ സ്ത്രീ വിരുദ്ധതയാണ് ഇട്ടിരിക്കുന്നത്, മാറ്റണം’ എന്ന്. പക്ഷേ അപ്പോഴേക്കും പോസ്റ്റ് വൈറലായി പോയിരുന്നു എന്നാണ് ജൂഡ് മനോരമന്യൂസിന്റെ നേരെ ചൊവ്വെയില്‍ പ്രതികരിച്ചു.