ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കൂടുന്നു; 2.4 അടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്; തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി
ഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. 2.4 അടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. നിലവില്‍ 2,370.18 അടിയാണ് ജലനിരപ്പ്. 2,372.58 അടിയാണ് നിലവിലെ ബ്ലൂ അലര്‍ട്ട് ലെവല്‍. ജൂലൈ 31 വരെയുള്ള റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 2,378.58 അടി ഓറഞ്ച് അലര്‍ട്ട് ലെവലും 2,379.58 അടി റെഡ് അലര്‍ട്ട് ലെവലുമാണ്. 2,408.5 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. സംഭരണശേഷിയുടെ 64.18 ശതമാനം വെള്ളം നിലവില്‍ അണക്കെട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെക്കാള്‍ ഇരട്ടിയാണിത്.
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം. സെക്കന്റില്‍ 1867 ഘനയടി വെള്ളമാണ് തമിഴ്നാട് ഇറച്ചില്‍പാലം വഴി വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്. നേരത്തെ സെക്കന്റില്‍ 900 ഘനടി വെള്ളമാണ് കൊണ്ടുപോയിരുന്നത്. സെക്കന്റില്‍ 2821 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
കഴിഞ്ഞ ദിവസം ഇതേസമയം 2333.76 അടിയായിരുന്നു ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് 35.8 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ 16.807 ദശലക്ഷ യൂനിറ്റായിരുന്നു വൈദ്യുതി ഉല്‍പാദനം. അതേസമയം, പദ്ധതി പ്രദേശത്ത് ഇന്നലെ മഴ കുറഞ്ഞത് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറയാന്‍ കാരണമായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. 136.20 അടിയാണ് നിലവിലെ ഡാമിലെ ജലനിരപ്പ്. 135.70 അടിയായിരുന്നു മുല്ലപ്പെരിയാറില്‍ ഇന്നലെ രേഖപ്പെടുത്തിയത്. 136 അടിയില്‍ ജലനിരപ്പ് എത്തിയ സാഹചര്യത്തില്‍ ആദ്യ അറിയിപ്പ് നല്‍കി.
വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാല്‍ കൂടുതല്‍ വെള്ളമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് തമിഴ്നാട്. മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടന്ന് നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് വേഗത്തിലുയരാന്‍ കാരണമായത്. സെക്കന്റില്‍ ഏഴായിരം ഘനയടിയിലധികം വെള്ളം ഒഴുകിയെത്തുന്നുണ്ട്. 900 ഘയനടി മാത്രമാണ് തമിഴ്നാട് കൊണ്ടു പോവുന്നത്. മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 68.4 അടിക്ക് മുകളിലാണ്.