‘സുപ്രിം കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി, ശിവന്‍കുട്ടി രാജിവെക്കണം’ വി.ഡി സതീശന്‍
നിയമസഭാ കയ്യാങ്കളിക്കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള ആറു പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രിംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷം. നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്‍റെ ആവശ്യം തള്ളിയത്. സുപ്രിം കോടതി അന്തിമവിധി കല്‍പിച്ച സാഹചര്യത്തില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. നിയസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്തശിവന്‍കുട്ടിയെപോലെയൊരാള്‍ മന്ത്രിസഭയില്‍ ഭൂഷണമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
എന്നാല്‍ സംഭവച്ചതില്‍ കുറ്റബോധമില്ലെന്നും കോടതി വിധി അംഗീകരിക്കുന്നതായും മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു. വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. കോടതി എംഎല്‍എമാരുടെ പേര് പറഞ്ഞിട്ടില്ല. രാജി വയ്ക്കേണ്ട സാഹചര്യവുമില്ല- മന്ത്രി കൂട്ടിച്ചേര്‍ത്തു.
സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന സര്‍ക്കാര്‍ വാദം നിരാകരിച്ചു കൊണ്ടായിരുന്നു കോടതിവിധി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആര്‍ ഷാ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് സുപ്രധാന വിധി.’ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴിലുള്ള പ്രിവിലേജുകളുടെ ചരിത്രത്തിലൂടെ ഞാന്‍ കടന്നു പോയി. പദവികളും വിശേഷാധികാരവും ഉത്തരവാദിത്വ നിര്‍വഹണത്തിന് മാത്രമാണ്. ക്രിമിനല്‍ നിയമത്തില്‍ നിന്ന് ഇളവു നല്‍കാനുള്ള ഗേറ്റ് വേയല്ല. അങ്ങനെയെങ്കില്‍ അത് പൗരന്മാരോടുള്ള വഞ്ചനയാണ്. വകുപ്പ് 19(1)എ എല്ലാവര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 101 പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കകത്തും സ്വാതന്ത്ര്യം വകവച്ചു നല്‍കുന്നു. നരസിംഹറാവു വിധിയെ സര്‍ക്കാര്‍ തെറ്റായി വ്യാഖാനിക്കുകയായിരുന്നു. സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന് പറയാന്‍ ആകില്ല. ജനപ്രതിനിധികള്‍ ഭരണഘടനയുടെ രേഖകള്‍ മറികടന്നു. അവര്‍ക്ക് പരിരക്ഷ ലഭിക്കില്ല’ – കോടതി വ്യക്തമാക്കി.
‘സ്വത്ത് നശിപ്പിക്കുന്നത് സഭയ്ക്കകത്തെ ആവിഷ്‌കാര ്‌സ്വാതന്ത്ര്യമല്ല. കേസ് പിന്‍വലിക്കുന്നത് ക്രിമിനല്‍ നിയമത്തില്‍ നിന്ന് പ്രതികള്‍ക്ക് ഇളവു നല്‍കാന്‍ ഇട വരുത്തും. സംസ്ഥാന നിയമസഭയില്‍ പൊതുജനം അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുണ്ട്’ – കോടതി വ്യക്തമാക്കി.ശിവന്‍കുട്ടിക്ക് പുറമെ കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍, കെ. അജിത്ത് എന്നിവര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിധി വന്നതോടെ സര്‍ക്കാര്‍ വിഷയത്തില്‍ പ്രതിരോധത്തിലായി.