വില്പ്പനയ്ക്ക് വച്ച മീന്‍ വലിച്ചെറിഞ്ഞു; പ്രതികരണവുമായി പോലീസ്
കൊല്ലം: മീന്‍ കച്ചവടം നടത്തുകയായിരുന്ന വൃദ്ധയ്‌ക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അപമര്യാദയില്ലാത്ത പ്രവര്‍ത്തിയില്‍ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും ഞങ്ങള്‍ നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ് പോലീസും രംഗത്ത് വന്നിരിക്കുന്നു.
ഫെയ്‌സ്ബുക്കില്‍ പോലീസിന്റെ ഔദ്യോഗിക പേജിലാണ് തങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതികരണം പോലീസ് പങ്കു വച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കുറിപ്പിങ്ങനെ
“മീന്‍ വില്‍പ്പനയുമായി ബന്ധപെട്ടു പ്രചരിപ്പിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണ് .പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള ‘ഡി കാറ്റഗറി’യില്‍പെട്ട സ്ഥലത്തു കോവിഡ് പ്രോട്ടോകോള്‍ പ്രകാരം എല്ലാവിധ കച്ചവടങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചു കൊണ്ട് ചിലര്‍ മത്സ്യ കച്ചവടം നടത്തുകയും, ആളുകള്‍ കൂടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു . ഇതിനെതിരെ പോലീസ് നടപടി സ്വീകരിച്ചതിനാല്‍ ചിലര്‍ ആസൂത്രിതമായി ചിത്രീകരിച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്’
ഇതായിരുന്നു പോലീസിന്റെ വിശദീകരണം . കഴിഞ്ഞ ദിവസമായിരുന്നു മീന്‍ കച്ചവടം നടത്തുന്ന മേരിക്കു നേരെ പോലീസിന്റെ അനീതി നടന്നത്. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ ആറോളം പേരുടെയും പ്രാണന്‍ നിലനില്‍ക്കുന്നത് മേരിയുടെ മീന്‍ വില്പനയെ ആശ്രയിച്ചാണ്. ഇതിനിടയിലാണ് ലോക്ക്ഡൗണ്‍ പ്രതിസന്ധിയും.
ജീവന്‍ നിലനിര്‍ത്താന്‍ മീന്‍ വിറ്റേ മതിയാകൂ എന്ന അവസ്ഥ വന്നപ്പോള്‍ വാര്‍ദ്ധക്യ സഹജ രോഗം മറന്ന് മേരി മീന്‍വില്‍പ്പന വീണ്ടും തുടങ്ങി. റോഡരികില്‍ പുരയിടത്തില്‍ വച്ച് മേരി മീന്‍ വില്‍പ്പന നടത്തുന്നതിനിടെ രണ്ടു ദിവസങ്ങളിലായി പോലീസ് മീന്‍ വില്‍പ്പ്‌ന നടത്തരുതെന്ന് പറഞ്ഞിരുന്നു. പിന്നീട് വന്ന പോലീസ് പലകയുടെ തട്ടില്‍ വച്ച മീന്‍ തട്ടി തെറിപ്പിക്കുകയായിരുന്നു. അടുത്തുള്ള അഴുക്ക് ചാലില്‍ കളയുകയും ചെയ്തു.
16000 രൂപയോളം വിലയുള്ള മീന്‍ ഉപയോഗ ശൂന്യമാകുകയായിരുന്നു. പോലീസ് മീന്‍ വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. അതേസമയം നിയമം നോക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന പോലീസിന്റെ ന്യായീകരണത്തിനും രൂക്ഷ വീമര്‍ശനമാണ് ഉയരുന്നത്. ജീവിക്കാനായി ഈ പ്രായത്തിലും മീന്‍ വില്‍പ്പന നടത്തുന്ന അമ്മയോട് എങ്ങനെയാടോ ഇങ്ങനെ ക്രൂരത ചെയ്യുന്നതെന്നാണ് പലരും ചോദിക്കുന്നത്. അതേസമയം ക്രൂരത കാണിച്ച പോലീസിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സമൂഹത്തിന്റെ ആവശ്യം