ഖജനാവ് നിറക്കാനാണോ ഈ പിടിച്ചുപറി; സര്‍ക്കാര്‍ ശമ്പളം ഇല്ലാത്തവരും ജീവിച്ചോട്ടെയെന്ന് അരുണ്‍ ഗോപി
റോഡരുകിലിരുന്ന് കച്ചവടം ചെയ്യുകയായിരുന്ന വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച് മീന്‍ നശിപ്പിച്ച പൊലീസിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക വിമര്‍ശനം ഉയരുകയാണ്. ഇപ്പോഴിതാ, പൊലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണെന്ന് അരുണ്‍ ഗോപി വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ നല്‍കുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാന്‍ ആണോ ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെന്നാണ് അദ്ദേഹം തന്റെ ഫേസ്‌ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ചോദിക്കുന്നത്. ഈ കോവിഡ് കാലത്തു സര്‍ക്കാര്‍ ശമ്ബളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ എന്നാണു അദ്ദേഹം പരിഹാസരൂപേണ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മേരിയെന്ന വയോധികയുടെ മീന്‍കുട്ട പാരിപള്ളി എസ്‌ഐയും സംഘവും തട്ടിത്തെറിപ്പിച്ചത്. ഡി കാറ്റഗറിയില്‍പ്പെട്ട സ്ഥലത്ത് കച്ചവടം നിരോധിച്ചിരുന്നുവെന്നും ഇത് ലംഘിച്ച് മീന്‍ വില്‍പ്പന നടത്തിയതിനാണ് കച്ചവടം നിര്‍ത്തിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.