Latest NewsWorld

ഞാന്‍ മരിച്ചെന്നാണ് അവര്‍ കരുതിയിരുന്നത് : കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്ററിന്റെ ഭാര്യ

ആക്രമണത്തില്‍ താനും മരിച്ചുപോകുമെന്ന് തന്നെയാണ് കരുതിയിരുന്നതെന്ന് കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസിന്റെ ഭാര്യ മാര്‍ട്ടിനി മോസ്. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ട്ടിനിയുടെ പരമാര്‍ശം.

‘ആക്രമണത്തിന് ശേഷം ജീവിക്കുമെന്ന് ഞാന്‍ കരുതിയതല്ല. ഞാന്‍ മരിച്ചുകാണും എന്നു കരുതിയാകണം അവര്‍ ഞങ്ങളുടെ വീട് വിട്ട് പോയത്. മരിച്ചുപോകും എന്ന് തന്നെയാണ് ഞാനും കരുതിയത്.

മുപ്പത് മുതല്‍ 50 സുരക്ഷാ ഉദ്യോഗസ്ഥര്‍ വരെ കാവലിരിക്കുന്ന വീടിനുള്ളിലേക്ക് ആക്രമിസംഘം എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് പോലും കാര്യമായ പരിക്കില്ല. ഇവിടുത്തെ ഉദ്യോഗസ്ഥവൃന്ദമാണ് അദ്ദേഹത്തെ കൊന്നത്,’ മാര്‍ട്ടിനി പറഞ്ഞു.

അതേസമയം ജോവനല്‍ മോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ ഹെയ്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ വിഭാഗം തലവനായ ജീന്‍ ലാഗ്വല്‍ സിവിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് പൊലീസ് നടപടി. കൂടുതല്‍ ചോദ്യം ചെയ്യലിനായി സിവിലിനെ ഡെല്‍മാസിലെ പ്രത്യേക ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ജൂലൈ 7നാണ് ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് സ്വവസതിയില്‍ വെച്ച്‌ വെടിയേറ്റ് കൊല്ലപ്പെട്ടത്.

2017 ഫെബ്രുവരിയില്‍ മിഷേല്‍ മാര്‍ട്ടലി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് 53 വയസ്സുകാരനായ ജോവനില്‍ മോസ് പ്രസിഡന്റായി എത്തുന്നത്. ഈ വര്‍ഷം തുടക്കം മുതല്‍ ഹെയ്തിയിലെ രാഷ്ടീയ സാഹചര്യങ്ങള്‍ പ്രസിഡന്റിന് എതിരായിരുന്നു.

ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വര്‍ധിച്ചതോടെയാണ് ഹെയ്തിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചത്. ഭക്ഷ്യക്ഷാമം ഇവിടെ രൂക്ഷമാണ്. വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങളാണ് ജോവനല്‍ മോസിനെതിരെ നടന്നിരുന്നത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു.

ജോവനലിന്റെ കാലാവധി അവസാനിച്ചതാണെന്നും അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സമരവുമായി രംഗത്തുവന്നിരുന്നു.

എന്നാല്‍ തനിക്ക് ഇനിയും ഒരു വര്‍ഷംകൂടി ബാക്കിയുണ്ടെന്നായിരുന്നു ജോവനല്‍ വാദിച്ചിരുന്നത്. പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഹെയ്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button