Kerala NewsLatest News

പ്രളയ ബാധിതര്‍ക്ക് നല്‍കാന്‍ എത്തിച്ച നൂറിലേറെ ചാക്ക് അരി പുഴുവരിച്ചു കുഴിച്ചുമൂടി;അത് കന്നുകാലികള്‍ക്ക് പോലും കൊടുക്കരുതെന്ന് പരിശോധനാ ഫലം

പ്രളയ ബാധിതര്‍ക്ക് നല്‍കാന്‍ എത്തിച്ച അരി പുഴുവരിച്ചു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തില്‍ മുന്‍ ഭരണസമിതിയുടെ കാലത്ത് വിതരണത്തിന് എത്തിയ അരിയാണ് ഉപയോഗിക്കാനാകാതെ പാഴായി നശിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് 2018ലെ പ്രളയകാലത്ത് വിതരണം ചെയ്യാന്‍ എത്തിച്ച നൂറിലേറെ ചാക്ക് അരിയില്‍ മൂന്നിലൊന്നും വിതരണം ചെയ്യാതെ ഉപയോഗശൂന്യമായതോടെയാണ് കുഴിച്ചൂമൂടിയത്.

2018 ല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച അരി കൃത്യസമയത്ത് വിതരണം ചെയ്യാതിരുന്നതുകൊണ്ട് കെട്ടിക്കിടന്ന് കാലപ്പഴക്കം സംഭവിച്ചാണ് അരിയില്‍ പുഴുവരിച്ചത്. നൂറിലേറെ ചാക്ക് അരിയാണ് കുഴിച്ചു മൂടിയത്. ലഭിച്ച അരിയില്‍ മൂന്നിലൊന്ന് മാത്രമാണ് വിതരണം ചെയ്തത്. കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പ് സാംസ്‌കാരിക നിലയത്തിലാണ് ഈ പുഴുവരിച്ച അരി കണ്ടെത്തിയത്. താലൂക്ക് സപ്ലൈ അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ അരിയുടെ സാംപിള്‍ നേരത്തേ സര്‍ക്കാര്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നുതുടര്‍ന്ന് കന്നുകാലികള്‍ക്ക് നല്‍കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചിരുന്നുവെങ്കിലും അവ ഉപയോഗിക്കരുതെന്ന ലാബ് റിപ്പോര്‍ട്ട് പുറത്ത് വന്നു.

ചാക്കുകള്‍ ദ്രവിച്ചതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴച്ചുമൂടാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു. പഞ്ചായത്തില്‍ കഴിഞ്ഞ ഇടതു ഭരണസമിതിയുടെ കാലത്താണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ ജില്ലാ ഭരണകൂടം അരി എത്തിച്ചത്. കുറച്ചൊക്കെ വിതരണം ചെയ്തെങ്കിലും ഏറിയപങ്കും വിതരണം ചെയ്യാതെ സാംസ്‌കാരിക നിലയത്തില്‍ കെട്ടിക്കിടന്നു.

അന്നു പ്രതിപക്ഷത്തായിരുന്ന യുഡിഎഫ് അംഗങ്ങള്‍, അരി വിതരണം ചെയ്യാത്തതിനെതിരെ രംഗത്ത് വന്നിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ നാടുകളിലേക്ക് പോയതിനാല്‍ വിതരണം ചെയ്യാന്‍ സാധിച്ചില്ലെന്നായിരുന്നു അധികൃതരുടെ വാദം. യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരത്തില്‍ വന്ന ശേഷം, ഇതില്‍ ഉപയോഗയോഗ്യമായ അരി വിതരണം ചെയ്തതായി പഞ്ചായത്തംഗം ഷാഹിന വലിയപറമ്പ് പറഞ്ഞു. അരിക്കു പുറമേ വിതരണത്തിനായി എത്തിച്ച പച്ചക്കറി വിത്തുകളും സാംസ്‌കാരിക നിലയത്തില്‍ ഉപയോഗിക്കാന്‍ പറ്റാത്ത നിലയില്‍ കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button