ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും; അടിയന്തര ചികിത്സകളില്‍ നിന്ന് ഒഴികെ വിട്ടുനില്‍ക്കാന്‍ തീരുമാനം
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും. അടിയന്തര ചികിത്സകളില്‍ നിന്ന് ഒഴികെ വിട്ടുനില്‍ക്കാനാണ് തീരുമാനം. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കെജിഎംഒഎയുടെ നിര്‍ദേശ പ്രകാരമാണ് സമരം.
അത്യാഹിത-ഗൈനക്കോളജി വിഭാഗം മാത്രമേ ഇന്ന് പ്രവര്‍ത്തിക്കൂ. ഒപി, കൊവിഡ് വാക്‌സിനേഷന്‍, പരിശോധന അടക്കമുളള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും.
കഴിഞ്ഞ 24നാണ് കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിന് മര്‍ദ്ദനമേറ്റത്. ഇതേ തുടര്‍ന്ന് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തു്.
അധികം വന്ന വാക്‌സീന്‍ വിതരണം ചെയ്യുന്നതിന്റെ പേരിലാണ് ഇവര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമെത്തിയ 10 പേര്‍ക്ക് കൂടി വാക്‌സീന്‍ നല്‍കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കിടപ്പുരോഗികള്‍ക്കായി മാറ്റിവച്ചതാണെന്നും അത് നല്‍കാനാകില്ലെന്നും പറഞ്ഞതിനെ തുടര്‍ന്ന് കയ്യേറ്റം ചെയ്‌തെന്നാണ് ഡോക്ടര്‍ പറയുന്നത്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.