പിണറായി ചക്രവര്‍ത്തി നീണാല്‍ വാഴുമ്പോള്‍ അഴിഞ്ഞാടി പോലീസ്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ കേരള ജനത നട്ടംതിരിയുമ്പോഴാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ പോലീസ് സേനയുടെ വിളയാട്ടമാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്നത്. ലോക്ക് ഡൗണില്‍ വലഞ്ഞിരിക്കുന്ന സാധാരണയിലും സാധാരണക്കാരായ ജനതയ്ക്കു നേരെ നിയമത്തിന്റെ പേരില്‍ പോലീസ് കാണിക്കുന്ന പരാക്രമങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥന്‍ ആഭ്യന്തര മന്ത്രി പിണറായി വിജയന്‍ തന്നെയാണ്.
അതിനാല്‍ തന്നെ പിണറായി വിജയനെതിരെ നിരവധി വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അത്തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ആഭ്യന്തരമന്ത്രി പിണറായി വിജയനു നേരെ ഫേസ്ബുക്കില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. മഹാബലിക്ക് ശേഷം കേരള നാട് ഭരിക്കാന്‍ വന്ന പിണറായി മന്നന്റെ ഭരണ പരിഷ്‌കാരങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
ഗൗരി നന്ദയുടെ ചൂണ്ടു വിരല്‍ ഭരണകൂടത്തിന് നേരെയുയര്‍ന്നത് ചടയമംഗലത്തായിരുന്നു. ബാങ്കില്‍ ക്യൂ നിന്നവര്‍ക്ക് നേരെയുള്ള ചടയമംഗലം പോലീസിന്റെ അധികാര ഹുങ്ക്. എന്നായിരുന്നു രാഹുല്‍ കുറിച്ചത്. സംഭവം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. ബാങ്കിനു മുന്നില്‍ ക്യൂ നിന്നവര്‍ക്ക് പെറ്റി നല്‍കാനിറങ്ങിയ പൊലീസുകാരോട് ഗൗരി നന്ദ എന്ന പെണ്‍കുട്ടി കാര്യം തിരക്കിയപ്പോള്‍ അസഭ്യവാക്കുകളായിരുന്നു പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് ഒപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തി. സംഭവം വിവാദമായതോടെ പോലീസ് തന്നെ കെണിയില്‍ പെട്ടു.
അതുപോലെ ഒരു നേരം അന്നമുണ്ണാന്‍ അദ്ധ്വാനിക്കുന്ന വൃദ്ധയുടെ മത്സ്യക്കുട്ട വലിച്ചെറിഞ്ഞ പാരിപ്പള്ളി പോലീസിന്റെ ക്രമസമാധാനം കേരളം കണ്ടു എന്നതായിരുന്നു രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ മറ്റൊരു ആരോപണം. ഈ സംഭവത്തില്‍ അങ്ങനയൊരു സംഭവം നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെയും കേരള പോലീസിന്റെയും വിശദീകരണം എന്നിട്ടും പ്രതിഷേധം ഉയരുകയാണ്. അത്തരത്തില്‍ പശുവിന് പുല്ലരിയാനിറങ്ങിയ നാരായണേട്ടന് അമ്പലത്തറ പോലീസ് വക 2000 രൂപ പിഴ. എന്നിങ്ങനെ ഈ ലോക്ഡൗണില്‍ കേരള ജനതയ്ക്കു നേരെ കാണിച്ച പോലീസ് നായാട്ടിനെ കുറിച്ച് എണ്ണിയെണ്ണി രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
ഖജനാവിലേക്ക് പിഴയൊടുക്കി പണം നിറക്കാന്‍ കേരള മുഖ്യമന്ത്രി ആജ്ഞാപിക്കുമ്പോള്‍ കൊറോണ കാരണം നടുവൊടിഞ്ഞ ജനത ആഞ്ഞൊരു ചവിട്ട് ചവിട്ടും അതില്‍ ഈ പിണറായി ചക്രവര്‍ത്തി പാതാളത്തേക്ക് താഴുമോയെന്ന് കണ്ടറിയണമെന്നെഴുതിയാണ് രാഹുല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.