Kerala NewsLatest News

ജീവനൊടുക്കിയ ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍; പ്രതിഷേധം പോലീസ് തടഞ്ഞു

ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കോട്ടയം കടുവാക്കുളത്ത് ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയ ഇരട്ട സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ കോട്ടയം മണിപ്പുഴ അര്‍ബന്‍ സഹകരണ ബാങ്കിന് മുന്നില്‍ കൊണ്ടുവന്ന് പ്രതിഷേധിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. ബാങ്കിന് 200 മീറ്റര്‍ അകലെ കോടിമത നാലുവരിപ്പാതയിലാണ് പൊലീസ് ആംബുലന്‍സ് തടഞ്ഞത്.

കൊച്ചുപറമ്ബില്‍ ഫാത്വിമാബീവിയുടെ മക്കളായ നിസാര്‍ ഖാന്‍ (34), നസീര്‍ ഖാന്‍ (34) എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് പോസ്റ്റ് മോര്‍ടെം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത്. മക്കളുടെ മൃതദേഹങ്ങളെ അനുഗമിച്ച ഫാത്വിമ ബീവിയുടെ വിലാപം കണ്ടുനിന്നവര്‍ക്ക് നൊമ്ബരമായി. മൃതദേഹങ്ങള്‍ വഹിച്ചുള്ള യാത്ര പൊലീസ് തടഞ്ഞതോടെ കോടിമത നാലുവരിപ്പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ചങ്ങനാശ്ശേരി, കോട്ടയം ഡിവൈ എസ് പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം തന്നെ സ്ഥലത്തെത്തിയിരുന്നു. എസ് ഡി പി ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കം ഉണ്ടായി.

ഇതിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ വീട്ടിലേയക്ക് കൊണ്ടുപോകണമെന്നായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ന്ന് വായ്പ തിരിച്ചടവ് മുടങ്ങിയ വിഷയം ചര്‍ച്ച ചെയ്യാമെന്ന തഹസില്‍ദാരുടെ ഉറപ്പിനെ തുടര്‍ന്ന് മൃതദേഹം താഴത്തങ്ങാടി ജുമാ മസ്ജിദിലേക്ക് സംസ്‌ക്കാരത്തിനായി കൊണ്ടുപോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button