ധര്‍മജന്റെ തോല്‍വി; അന്വേഷണ കമ്മിറ്റിക്ക് മുമ്പാകെ പരാതി പ്രളയം
കോഴിക്കോട്: നിയമസഭ തെരഞ്ഞടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച കെ. മോഹന്‍ കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിക്ക് മുമ്പാകെ പരാതികളേറെ. നടന് ധര്മജന് മത്സരിച്ച ബാലുശ്ശേരിയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു ആക്ഷേപങ്ങള്‍ കൂടുതല്‍. തുടര്‍ച്ചയായ നാലാം തവണയും കോണ്‍ഗ്രസിന് സീറ്റില്ലാതായ കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലടക്കം പാളിച്ചയുണ്ടായതായി പരാതിയുയര്‍ന്നു
ധര്മജന് സംസ്ഥാനത്തിന് പുറത്തായതിനാല്‍ എത്തിയില്ല.പിന്നീട് തിരുവനന്തപുരത്ത് സമിതി അംഗങ്ങളെ കാണാനെത്തുമെന്നറിയിച്ചിട്ടുണ്ട്. ബാലുശ്ശേരിയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി നിര്‍ജീവമായിരുന്നെന്നും പണം പിരിച്ച് നേതാക്കള്‍ കൈയിലാക്കിയെന്നും ധര്മജന് നേരത്തേ ആരോപിച്ചിരുന്നു.
എന്നാല്‍, ധര്‍മജന്റെ ആക്ഷേപങ്ങള്‍ തെറ്റാണെന്ന് പ്രചാരണത്തിന്റെ ജനറല്‍ കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ കമ്മിറ്റിയെ അറിയിച്ചു. രാവിലെ 10.30 കഴിഞ്ഞാണ് സ്ഥാനാര്‍ഥി എത്തിയിരുന്നത്. വൈകീട്ട് ആറു മണിക്ക് എങ്ങോട്ടോ പോകുമായിരുന്നു. ധര്മജന് പ്രചാരണത്തില്‍ താല്പര്യമില്ലായിരുന്നുെവന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റിയിലുള്ളവര്‍ അന്വേഷണ സമിതിയോട് പറഞ്ഞു. ആദ്യഘട്ട പ്രചാരണം ഭംഗിയായി നടത്തിച്ചിരുന്നു. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ പണമില്ലാതെ കുഴങ്ങി. പ്രചാരണകമ്മറ്റിക്ക് 80,000 രൂപ മാത്രമാണ് പിരിവായി കിട്ടിയത്. വന്‍തുക കിട്ടിയെന്ന പ്രചാരണം ശരിയല്ല. പ്രധാന നേതാക്കള്‍ പ്രചാരണത്തിന് വന്നില്ലെന്ന ധര്‍മജന്റെ നേരത്തേയുള്ള ആരോപണവും ചില നേതാക്കള്‍ തള്ളി.
ഉമ്മന്‍ ചാണ്ടിയും രമേശ് െചന്നിത്തലയുമടക്കമുള്ളവര് എത്തിയതായി ഇവര്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി വന്നില്ലെന്ന ആരോപണം ബാലിശമാണെന്നും അവര്‍ പറഞ്ഞു. എലത്തൂരിലെ സീറ്റ് എന്‍.സി.കെക്ക് നല്കിയതും വിമര്‍ശന വിധേയമായി. കോഴിക്കോട് നോര്‍ത്തില്‍ മികച്ച പ്രകടനം നടത്തിയതായി പ്രചാരണത്തിന് നേതൃത്വം നല്കിയവര് അഭിപ്രായപ്പെട്ടു. ആവശ്യത്തിന് പണം കിട്ടാതെ ബുദ്ധിമുട്ടിയതും പലരും ശ്രദ്ധയില്‍പ്പെടുത്തി. സ്ഥാനാര്ഥികളടക്കമുള്ളവരില്നിന്നാണ് രണ്ടു ദിവസമായി അന്വേഷണ സമിതി തെളിവെടുത്തത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് എം.എ. ചന്ദ്രശേഖരന്, അയിര ശശി എന്നിവര്‍ അംഗങ്ങളായ സമിതി വിവരങ്ങള്‍ ശേഖരിക്കുന്നത്. തിരൂരില്‍ വെച്ച് വ്യാഴാഴ്ച നടത്തുന്ന യോഗത്തിനുശേഷം കെ.പി.സി.സി പ്രസിഡന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.