‘തോക്ക് തരാം പക്ഷേ വെടിവയ്ക്കരുത്’; സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: കടകളില്‍ ആളുകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് ആദ്യഡോസ് വാക്സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയവര്‍ക്കും ഒരു മാസം മുന്‍പ് കോവിഡ് പോസിറ്റീവായി രോഗമുക്തി നേടിയവര്‍ക്കുമാണു കടകളിലും മറ്റു സ്ഥലങ്ങളിലും പോകാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.
നിര്‍ദേശങ്ങള്‍ വന്നെങ്കിലും ഇതു സംബന്ധിച്ച പരിശോധനയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. എങ്ങനെ പരിശോധന നടത്തണമെന്ന നിര്‍ദേശം ലഭിക്കാത്തതിനാല്‍ പൊലീസ് പരിശോധന ആരംഭിച്ചില്ല. ആദ്യ ഡോസ് എടുത്തവരെ തിരിച്ചറിഞ്ഞു കടത്തിവിടുന്നതിന്റെ ഉത്തരവാദിത്തം വ്യാപാരികള്‍ക്കാണോ എന്നതിലും പല ജില്ലകളിലും ഇപ്പോഴും വ്യക്തമായിട്ടില്ല.
ഇത്തരത്തില്‍ നിരവധി ആശയകുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. അത്തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം എന്ന് പറയുന്നത് മലയാള സിനിമയായ സി.ഐ.ഡി മൂസയിലെ രംഗം പോലെയാണെന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ വളരെ ലളിതമായി പറഞ്ഞാല്‍ ഇകഉ മുസയിലെ ഈ രംഗം പോലെയാണ്.
പഴയ മാനദണ്ഡം,’തോക്ക് തരാം പക്ഷേ വെടിവെക്കരുത്.’അതായത് ആളുകള്‍ക്ക് പുറത്തിറങ്ങാം പക്ഷേ കച്ചവട സ്ഥാപനങ്ങള്‍ തുറക്കരുത്.
പുതിയ മാനദണ്ഡം,’വെടി വെക്കാം പക്ഷേ തോക്ക് തരില്ല.’അതായത് കച്ചവട സ്ഥാപനങ്ങള്‍ തുറക്കാം പക്ഷേ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് പിണറായി സര്‍ക്കാരിന്റെ പുത്തന്‍ ആശയം. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരിഹാസം കലര്‍ന്ന യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിന്റെ പോസ്റ്റ് ശ്രദ്ധയമാകുകയാണെങ്കിലും ഇത്തരത്തില്‍ സര്‍ക്കാരിന്റെ പുതിയ ലോക്ഡൗണ്‍ നിയന്ത്രണത്തെ കുറിച്ച് പ്രമുഖരും വിമര്‍ശനം അറിയിച്ചിരുന്നു.