ഓണ്‍ലൈന്‍ ക്ലാസിലെ നുഴഞ്ഞുകയറ്റം; പോക്സോ ചുമത്തി പൂട്ടിടാന്‍ പോലീസ്
കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസുകളില്‍ സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞു കയറുന്നതിന് തടയിടാന്‍ പോലീസ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇവര്‍ നുഴഞ്ഞുകയറി അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതും തുടര്‍കഥയായതോടെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. സ്കൂളധികൃതരുണ്ടാക്കുന്ന സൂം, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയുടെ ലിങ്കുകളില്‍ കയറി അശ്ലീല ഓഡിയോയും വീഡിയോയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ‘പോക്സോ’ നിയമം ഉള്‍പ്പെടെ ചുമത്തി കേസെടുക്കാനാണ് തീരുമാനം. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് ഇത്തരം സന്ദേശം അയക്കുന്നതു തന്നെ നിയമ വിരുദ്ധമാണ്. ഓണ്‍ലൈന്‍ പഠനമുറിയില്‍ കയറി അശ്ലീലം പ്രചരിപ്പിക്കുന്നത് ഗുരുതര കുറ്റമാണ് ഇതിനെതിരെയാണ്് നടപടി സ്വീകരിക്കുക.
വ്യാജ ഐ.ഡി ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകളില്‍ കയറുകയും അശ്ലീല സംഭാഷണങ്ങളും വിഡിയോകളും അയക്കുകയും ചെയ്ത സംഭവങ്ങളില്‍ വിവിധ സ്റ്റേഷനുകളിലായി ഇതിനകം അറുപതോളം പരാതികളാണ് ലഭിച്ചത്. ഇതില്‍ രജിസ്റ്റര്‍ ചെയ്ത എട്ട് കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്ന രക്ഷിതാക്കള്‍ക്കെതിരെയും പൊലീസ് ഇത്തരം ബാലാവകാശ നിയമം ചുമത്തി റിമാന്ഡിലാക്കുന്നുണ്ട്. സ്കൂള്‍ അധികൃതര്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്കുന്ന ഓണ്‍ലൈന്‍ ക്ലാസിെന്റ ലിങ്കുകള്‍ കൈമാറുകയോ വാട്സ് ആപ് ഗ്രൂപ്പുകളിലിടുകയോ ചെയ്യുന്നതാണ് പലപ്പോഴും നുഴഞ്ഞുകയറ്റക്കാര്‍ക്ക് ്ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞു കയറാന്‍ കാരണമാകുന്നതെന്ന് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷനല്‍ സൂപ്രണ്ട് ഇ.എസ്. ബിജുമോന് പറഞ്ഞു.
ഇത്തരം നുഴഞ്ഞു കയറ്റം പോലും ഐ.ടി.നിയമ പ്രകാരം ഹാക്കിങ്ങിന്റെ പരിധിയിലാണ് വരുക. അതേസമയം അശ്ലീല സന്ദേശങ്ങള്‍ അയക്കുകയോ വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്താല്‍ പോക്സോ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്താനും കഴിയും. അതോടൊപ്പം തന്നെ അധ്യാപികമാര്‍ ക്ലാസെടുക്കുമ്പോഴാണ് നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കുന്നതെങ്കില് സ്ത്രീകളെ അപമാനിക്കുന്നതിനെതിരായ വകുപ്പുകളും ചുമത്തുമെന്നും പൊലീസ് പറയുന്നു.
ലിങ്കുകളില്‍ നുഴഞ്ഞുകയറുന്നതോടെ സ്കൂള്‍ അധികൃതര്‍ പുതിയ ലിങ്ക് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കുട്ടികളെ എളുപ്പം തിരിച്ചറിയാവുന്ന രീതികളും അവലംബിക്കുന്നുണ്ട്. എന്നാല്‍ വിദേശ നിര്‍മിത പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നതിനാല്‍ സാങ്കേതിക സുരക്ഷയൊരുക്കാന്‍ ഏജന്‍സികള്‍ക്കും സര്‍ക്കാറിനും പരിമിതികളുമുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് സുരക്ഷിതമാക്കാന്‍ ചില മുന്‍ കരുതലുകള്‍ എടുക്കാവുന്നതാണ്. ക്ലാസുകളുടെ ലിങ്ക് കൈമാറാതിരിക്കുക, ഓരോ കുട്ടിക്കും പ്രത്യേകം ഐ.ഡിയും പാസ്വേഡും നല്‍കുക, രക്ഷിതാക്കളുടെയോ വിദ്യാര്‍ഥികളുടെയോ ഇ-മെയില്‍ ഐ.ഡി മാത്രം ഉപയോഗിക്കുക, ക്ലാസുകള്‍ക്കു മുമ്പ് ഹാജരെടുത്ത് മറ്റുള്ളവരില്ലെന്ന് ഉറപ്പാക്കുക, അനധികൃതമായി ക്ലാസില്‍ പ്രവേശിച്ചവരെ ഒഴിവാക്കുകയും പരാതി നല്‍കുകയും ചെയ്യുക, ക്ലാസിന് സുരക്ഷിത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉപയോഗിക്കുക, വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കുമ്പോള്‍ ലിങ്കുകളുപയോഗിക്കാതെ ഓരോരുത്തരെയായി ചേര്‍ക്കുക, ക്ലാസിനിടെ ആരെല്ലാം ജോയിന്‍ ചെയ്യുന്നു, വിട്ടുപോകുന്നു എന്ന് അധ്യാപകരോ ചുമതലപ്പെടുത്തുന്നവരോ നിരീക്ഷിക്കുക എന്നിങ്ങനെയുളള കരുതലുകള്‍ എടുത്താല്‍ ഓണ്‍ലൈന്‍ ക്ലാസ് സുരക്ഷിതമാക്കാന്‍ സാധിക്കും.