തന്റെ മകള്‍ക്ക് ആദ്യ നീതി കിട്ടി; വിസ്മയയുടെ പിതാവ്
തിരുവനന്തപുരം: സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭര്‍ത്താവിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ട ഗതാഗത മന്ത്രി ആന്റണി രാജുവിന് നന്ദി അറിയിച്ച് വിസ്മയയുടെ പിതാവ്.
തന്റെ മകളുടെ മരണത്തിന് കാരണക്കാരനായ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതോടെ തന്റെ മകള്‍ക്ക് ആദ്യ നീതി കിട്ടിയെന്നാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പ്രതികരിച്ചത്. മകള്‍ മരിച്ചപ്പോള്‍ അവന്റെ ഡിസ്മിസ് ഓര്‍ഡറുകൊണ്ടേ വീട്ടില്‍ വരൂ എന്ന് മന്ത്രി പറഞ്ഞിരുന്നു.
അദ്ദേഹം വാക്ക് പാലിച്ചെന്നും സന്തോഷമുണ്ടെന്നുമാണ് വിസ്മയുടെ അച്ഛന്‍ പറഞ്ഞത്. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ സ്ത്രീധനത്തിന്റെ പേരില്‍ ചൂഷണം ചെയ്തതോടെയാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തെളിഞ്ഞതോടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന ചട്ട പ്രകാരം കിരണിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
അതേസമയം കിരണിനെതിരെ പോലീസ് കേസ് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ പൊലീസ് കേസും വകുപ്പ് തല അന്വേഷണവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇതനുസരിച്ചാണ് കിരണിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.