നടുറോഡിലിട്ട് യുവതിയെ തല്ലി വീണ്ടും മാതൃക കാണിച്ച് കേരള പോലീസ്
ഇടുക്കി: ലോക്ഡൗണ്‍ നിയന്ത്രണം കര്‍ശനമാക്കിയ കേരളത്തില്‍ കുറച്ചു നാളുകളായി പോലീസിന്റെ നായാട്ടാണ് സമൂഹമാധ്യമങ്ങളിലൂടെ കേരള ജനത കാണുന്നത്. അത്തരത്തില്‍ പോലീസാണെന്ന അഹങ്കാരത്തില്‍ പട്ടാപകല്‍ നടുറോഡില്‍ വച്ച് സ്ത്രീയെ മര്‍ദ്ദിക്കുന്ന പോലീസുകാരന്റെ ധാഷ്ട്യത്തെയാണ് പുറം ലോകം കണ്ടത്.
സംഭവം ഇടുക്കി വണ്ണപ്പുറത്താണ്. തൃശ്ശൂര്‍ ഐ ആര്‍ ബറ്റാലിയന്‍ പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ രാജ് തൊടുപുഴ സ്വദേശിയായ യുവതിയെ ആക്രമിക്കുന്ന രംഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവം ഇങ്ങനെ തൊടുപുഴയില്‍ നിന്ന് വണ്ണപുറത്തേ ബന്ധുവീട്ടിലേക്ക് മകനോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു യുവതിയും ബന്ധുക്കളും. ഇതിനിടെ അമല്‍ രാജിന്റെ വാഹനം യുവതി സഞ്ചരിച്ച കാറില്‍ ഇടിച്ചു.
സംഭവത്തെ തുടര്‍ന്ന് അമല്‍ രാജിനോട് വാഹനം നിര്‍ത്താന്‍ യുവതിയുടെ മകന്‍ ആവശ്യപ്പെട്ടിടും അമല്‍ രാജ് നിര്‍ത്താതെ പോകുകയായിരുന്നു. എന്നാല്‍ യുവതിയുടെ മകന്‍ അമല്‍ രാജിനെ പിന്തുടര്‍ന്നെത്തി കാര്യം അന്വേഷിച്ചപ്പോള്‍ ക്ഷുഭിതനായ അമല്‍ രാജ് യുവാവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇത് തടയാനായി ശ്രമിച്ച യുവതിയെ അമല്‍ രാജ് മര്‍ദ്ദിക്കുകയായിരുന്നു.
രോക്ഷാകുലനായി പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മര്‍ദ്ദിച്ച പോലീസുകാരനെതിരെ യുവതി കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയെ അസഭ്യവാക്ക് പറയുന്നതും കയ്യേറ്റം ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുന്നത്