2000 രൂപ വാങ്ങി 500 രൂപയുടെ രസീത് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.
തിരുവനന്തപുരം: കര്‍ക്കിടക വാവായ കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ബലി ദര്‍പ്പണം നടത്താന്‍ പോയ പ്ലസ്ടു വിദ്യാര്‍ഥിയില്‍ നിന്നും പിഴ ഈടാക്കിയ സിവില്‍ പൊലീസ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. 2000 രൂപ പിഴ ഈടാക്കിയ പോലീസ് പക്ഷേ 500 രൂപയുടെ രസീതാണ് നല്‍കിയതെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് സിവില്‍ പൊലീസ് ഓഫിസര്‍ അരുണ്‍ ശശിയെ സസ്‌പെന്‍ഡ് ചെയ്തത്.
ശ്രീകാര്യം വെണ്‍ചാവോടുള്ള വീട്ടില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തില്‍ അമ്മയ്‌ക്കൊപ്പം ബലിയിടാന്‍ പോയതായിരുന്നു വിദ്യാര്‍ത്ഥി. എന്നാല്‍ ബലി ദര്‍പ്പണം അമ്പലത്തില്‍ നടത്താന്‍ അനുവാദമില്ലെന്നും സമ്പൂര്‍ണ ലോക്ഡൗണില്‍ റോഡിലേക്കിറങ്ങിയതിനുമായി പോലീസ് വിദ്യാര്‍ത്ഥിയായ നവീനില്‍ നിന്ന് പിഴ ഇടാക്കി.
എന്നാല്‍ താന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷമാണ് ക്ഷേത്രത്തിലേക്ക് പോകാന്‍ ശ്രമിച്ചതെന്നും വേണമെങ്കില്‍ വീട്ടിലേക്ക് തിരിച്ചു പോകാം എന്നും പോലീസിനോട് നവീന്‍ പറഞ്ഞിട്ടും പോലീസ് പിഴ ഈടാക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയശേഷമാണ് രസീതിലെ തുകയല്ല പോലീസ് പിഴയായി വാങ്ങിയതെന്ന് നവീന് മനസ്സിലാകുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
അതേസമയം പരാതി ഉയര്‍ന്നതോടെ രസീതില്‍ എഴുതിയത് തെറ്റിപ്പോയതാണെന്നും ബലിദര്‍പ്പണത്തിന് അനുവാദമില്ലെന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസം പുറത്തിറങ്ങിയതിനാലാണ് പിഴ ഈടാക്കിയതെന്നും ശ്രീകാര്യം പൊലീസ് പറഞ്ഞിരുന്നു. സംഭവത്തില്‍ കമ്മീഷണര്‍ സിഐക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിടുണ്ട്.