സൂര്യനെല്ലി കേസ്; മുഖ്യപ്രതി ധര്‍മ്മരാജന് ജാമ്യം അനുവദിച്ച് കോടതി
ന്യൂഡല്‍ഹി: സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മ്മരാജന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ താമസിക്കുന്ന ഇയാള്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്നായിരുന്നു ആവശ്യം. അതേസമയം കൂട്ടബലാത്സംഗ കേസിലെ പ്രതിയായ ധര്‍മ്മരാജന് പരോളിന് അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചു.
ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാനും ഇരയെ ഭീഷണിപ്പെടുത്താനും സാദ്ധ്യതയുണ്ടെന്നുമായിരുന്നു ഇവരുടെ വാദം. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ധര്‍മ്മരാജന്‍ പത്ത് വര്‍ഷവും ഒന്‍പത് മാസവും ജയിലില്‍ കഴിഞ്ഞതായി അഭിഭാഷകന്‍ പി എസ് സുധീര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മാസമായി ഒരു കൊവിഡ് കേസ് പോലും ജയിലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. 701 തടവുകാരാണ് നിലവില്‍ പൂജപ്പുര ജയിലില്‍ ഉള്ളത്.
ധര്‍മ്മരാജന്‍ ചെയ്തത് ക്രൂരകൃത്യമാണെങ്കിലും, ഹൈക്കോടതി ശരിവച്ച ശിക്ഷയ്ക്ക് എതിരായ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസില്‍ പത്ത് വര്‍ഷത്തിലധികം തടവുശിക്ഷ ഇയാള്‍ അനുഭവിച്ചു കഴിഞ്ഞു. ഇതേ തുടര്‍ന്നാണ്് ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ്മാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.