പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്; മുഖ്യപ്രതികള്‍ അറസ്റ്റില്‍
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എംഡി തോമസ് ഡാനിയേലിനെയും മകള്‍ റീനു മറിയത്തെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വിവാദമായ തട്ടിപ്പില്‍ മുഖ്യപ്രതികളാണ് ഇവര്‍.
നേരത്തെ പോലീസ് അന്വേഷണം നടത്തിയിരുന്ന കേസ് പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍, സാമ്പത്തിക ഇടപാടുകള്‍, നിലവില്‍ കൈവശമുള്ള ഭൂമിയുടെ വിവരം തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച ഇഡി പ്രതികളെ അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു.
പിന്നീട് ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതികളുടെ കൈവശമുള്ള വസ്തു വകകള്‍ വില്‍ക്കുകയും പകരം കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ വസ്തു വകകള്‍ വാങ്ങിയതായും ഇഡി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു.