ആളുമാറി മരണ വിവരം പറഞ്ഞു, മരിച്ചത് വേറെ ആനി; തിരിച്ചറിഞ്ഞത് ഫ്‌ലക്‌സ് വെച്ചശേഷം
മെഡിക്കല്‍ കോളേജ് : ഒരേ പേരില്‍ ഐ.സി.യുവില്‍ രണ്ട് രോഗികള്‍ ആളുമാറി മരണ വിവരം വീട്ടുകാരെ അറിയിച്ചു. ഫ്‌ലക്‌സ് വെച്ച ശേഷമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത് മരിച്ചത് തങ്ങളുടെ ബന്ധുവല്ല എന്ന്. ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ഐ.സി.യു.വിലായിരുന്നു സംഭവം. ആനി എന്നയാളുടെ പേരിലാണ് തെറ്റിദ്ധാരണയുണ്ടായത്.
ആനി എന്ന് പേരുള്ള രണ്ട് രോഗികള്‍ കോവിഡ് ഐ.സി.യു.വില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്നു. ഒരാള്‍ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മരണസമയത്ത് ഒരു ആനിയുടെ കൂട്ടിരിപ്പുകാരന്‍ മാത്രമാണ് ഐ.സി.യു.വിന് പുറത്ത് ഉണ്ടായിരുന്നത്. ആനി മരിച്ച വിവരം മെഡിക്കല്‍ കോളേജ് ഐ.സി.യു.വിലെ അധികൃതര്‍ കൂട്ടിരിപ്പുകാരോടായി പറഞ്ഞു.
ഇതുകേട്ട് ഓടിയെത്തിയത് അതേ ഐ.സി.യു.വില്‍ ചികിത്സയിലുള്ള മറ്റൊരു ആനിയുടെ ബന്ധുക്കളായിരുന്നു. മരണ വിവരം അറിഞ്ഞ ഉടന്‍ ഇവര്‍ വീട്ടിലേക്ക് വിളിച്ചു പറയുകയും വൈകാതെ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. ശവസംസ്‌കാര സമയം കുറിച്ച് നാട്ടില്‍ ഫ്‌ലക്‌സ് ബോര്‍ഡും സ്ഥാപിച്ചു. ഇതെല്ലാം കഴിഞ്ഞശേഷമാണ്, മരിച്ചത് തങ്ങളുടെ ബന്ധു ആനിയല്ല എന്ന് ഇവര്‍ തിരിച്ചറിഞ്ഞത്.
ആനി എന്നുപേരുള്ള രണ്ടുപേര്‍ ഐ.സി.യു.വിലുണ്ടെന്നകാര്യം ജീവനക്കാരനും ഓര്‍ത്തില്ല. എന്നാല്‍ സംഭവത്തില്‍ പരാതിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോവിഡ് ഐ.സി.യു.വില്‍ വിശ്രമമില്ലാതെ ജോലിയെടുക്കുന്ന ജീവനക്കാരന് സംഭവിച്ച ചെറിയ ഒരു തെറ്റായതുകൊണ്ട് സംഭവത്തില്‍ പരാതിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.