ഇടിച്ചയാളുടെ മൃതദേഹവുമായി ട്രയിന്‍ ഓടിയത് 14 കിലോമീറ്റര്‍
മഞ്ചേശ്വരം: ഇടിച്ചയാളുടെ മൃതദേഹവുമായി ട്രയിന്‍ ഓടിയത് 14 കിലോമീറ്റര്‍. എന്‍ജിന് മുന്നിലാണ് മൃതദേഹം കുടുങ്ങിയത്. ഹൊസങ്കടി കജയിലെ മൊയ്തീന്‍കുട്ടി(70)യുടെ മൃതദേഹവുമായാണ് ഇത്രയുംദൂരം തീവണ്ടി ഓടിയത്. ഹൊസങ്കടിയില്‍ അടച്ചിട്ട ലെവല്‍ക്രോസിലൂടെ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് മൊയ്തീന്‍കുട്ടിയെ തീവണ്ടി ഇടിച്ചത്.
മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് ഇടിച്ചത്. തീവണ്ടിയിടിച്ചതോടെ മൊയ്തീന്‍കുട്ടി എന്‍ജിന് മുന്നിലെ കൊളുത്തില്‍ കുടുങ്ങിയത് ഹൊസങ്കടിയിലെ ഗേറ്റ്മാന്‍ കണ്ടിരുന്നു. അദ്ദേഹം ആ വിവരം തൊട്ടടുത്ത ഉപ്പളഗേറ്റില്‍ അറിയിച്ചു.
ഉപ്പള ഗേറ്റ്മാനും അതുകണ്ട് വിവരം മുട്ടം ഗേറ്റില്‍ അറിയിച്ചു. ആരെയെങ്കിലും തീവണ്ടിയിടിച്ചാല്‍ തൊട്ടടുത്ത സ്റ്റേഷനില്‍ നിര്‍ത്തി ലോക്കോപൈലറ്റ് സ്റ്റേഷന്‍മാസ്റ്ററെ വിവരമറിയിക്കണമെന്നാണ് ചട്ടം. പിന്നാലെ വേറൊരു തീവണ്ടി വരുന്നത് തടയാനാണിത്. ഇത്തരത്തില്‍ കുമ്പള സ്റ്റേഷനില്‍ അറിയിക്കുന്നതിനിടയിലാണ് മൃതദേഹം എന്‍ജിനുമുന്നില്‍ കുടുങ്ങിക്കിടക്കുന്ന കാര്യം ലോക്കോ പൈലറ്റ് അറിഞ്ഞത്.
കുമ്പള എസ്.ഐ. വി.കെ.അനീഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.