കേരളം നേരിടേണ്ടത് വലിയ പ്രതിസന്ധിയെ; കേന്ദ്രവിദഗ്ധ സംഘം
ന്യൂഡല്‍ഹി: കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കേന്ദ്രവിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്.
ഇതിലൂടെ കോവിഡ് കേസുകള്‍ ഉയരാനാണ് സാധ്യതയെന്നും കേന്ദ്ര വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ കോവിഡിന്റെ തീവ്രത പഠിക്കാനും കേരളത്തിന് സഹായത്തിനുമായി കേന്ദ്രസര്‍ക്കാരാണ് കേരളത്തിലേക്ക് കേന്ദ്ര വിദഗ്ധ സംഘത്തെ അയച്ചത്.
ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഈ മാസം ഒന്നു മുതല്‍ 20 വരെ സംസ്ഥാനത്ത് ഏകദേശം 4.6 ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ 80 ശതമാനത്തിലധികവും ഡെല്‍റ്റ വകഭേദമാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതായും കേന്ദ്ര സംഘം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കേരളത്തില്‍ 55 ശതമാനം പേര്‍ക്കും ഇതുവരെ കോവിഡ് പിടിച്ചിട്ടില്ലെന്നും അതിനാല്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതകളുണ്ടെന്നും സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇതുവരെ കേന്ദ്രസംഘം വിശകലനം ചെയ്തത്. ഇവിടെ ഉള്ള കണക്കുകള്‍ അനുസരിച്ച് രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചവരിലും കോവിഡ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കേരളം നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധിയെയാണെന്നും കേന്ദ്ര വിദഗ്ധ സംഘം വിലയിരുത്തുന്നു.