തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍ തൂക്കം; എട്ടില്‍ എല്‍.ഡി.എഫ്, അഞ്ചിടത്ത് യു.ഡി.എഫ്
തിരുവനന്തപുരം: 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 13 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ എല്‍ഡിഎഫിന് മുന്‍ തൂക്കം.
എല്‍.ഡി.എഫ് എട്ടു സീറ്റിലും അഞ്ചിടത്ത് യു.ഡി.എഫുമാണ് മുന്നിട്ടുനില്‍ക്കുന്നത്. ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് -യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തുല്യവോട്ട് നേടി. തുടര്‍ന്ന് നറുക്കെടുപ്പ് നടത്തിയാണ് വിജയിയെ കണ്ടെത്തിയത്. എല്‍.ഡി.എഫിലെ ആന്റണിയെ വിജയിയായി പ്രഖ്യാപിച്ചു. വാര്‍ഡിലെ ഇരുപാര്‍ട്ടികളും 168 വോട്ട് വീതമാണ് നേടിയത്. മുന്‍ കൗണ്‍സിലറായ യുഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കണ്ണൂര്‍ ആറളം പത്താം വാര്‍ഡ് ഉപതിരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.കെ.സുധാകരന്‍ 137 വോട്ടിന് ജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി.
തിരുവനന്തപുരത്തെ നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സി.പി.എമ്മിലെ വിദ്യാവിജയന്‍ 94 വോട്ടിന് ഇവിടെ വിജയിച്ചു. കോഴിക്കോട് ജില്ലയിലെ വളയം ഗ്രാമ പഞ്ചായത്തില്‍ കല്ലുനിര വാര്‍ഡും എല്‍ ഡിഎഫ് നിലനിര്‍ത്തി. കെ.ടി ഷബിന 196 വോട്ടിനാണ് ഇവിടെ ജയിച്ചത്.
സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റിയിലെ പഴേരി വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. 112 വോട്ടിന് സി.പി.എമ്മിലെ എസ്.രാധാകൃഷ്ണന്‍ ഇവിടെ വിജയിച്ചു. ഇതോടെ ബത്തേരി നഗരസഭയിലെ കക്ഷിനില -എല്‍ഡിഎഫ് – 24, യുഡിഎഫ് – 10, സ്വതന്ത്രന്‍ -1എന്ന നിലയിലായി.
മലപ്പുറം ജില്ലയിലെ മൂന്നു വാര്‍ഡുകളിലും യു.ഡി.എഫിന് മിന്നും ജയം. നിലമ്ബൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്‍ സി.പി.എമ്മില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ ഏലക്കാടന്‍ ബാബു 238 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.
വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ യു.അനില്‍കുമാര്‍ 84 വോട്ടിനാണിവിടെ വിജയിച്ചത്.
ചെറുകാവ് പഞ്ചായത്ത് പത്താം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ.വി.മുരളീധരന്‍ 309 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
മലപ്പുറം തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ഉപതെരെഞ്ഞെടുപ്പില്‍ ഇടതു മുന്നണി വിജയിച്ചു. സി.പി.എമ്മിലെ കെ.എം.സജ്‌ല 204 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റാണിത്.
എറണാകുളം ജില്ലയിലെ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഇടത്പക്ഷത്തിന് വിജയം. ഇടത് സ്ഥാനാര്‍ഥി പി.വി. പീറ്റര്‍ 19 വോട്ടുകള്‍ക്ക് വിജയിച്ചു. 15 വാര്‍ഡുകളുള്ള ഇവിടെ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിനും ഏഴും സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഇടതുപക്ഷ അംഗം ടി.സജി മരണമടഞ്ഞതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാര്‍ഡില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷജി ബെസിക്ക് വിജയിച്ചു. എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു.
കോട്ടയം എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിംസ് ചാക്കോ ജീരകത്ത് 159 വോട്ടിനാണ് ജയിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിലെ ടോമി ഇടയോടിയിലിനെയാണ് ജയിംസ് തോല്‍പ്പിച്ചത്.
പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫിലെ അലക്‌സാണ്ടര്‍ ഡാനിയേല്‍ ആണ് 323 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഇതോടെ പഞ്ചായത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ എല്‍.ഡി.എഫിന് 11 സീറ്റുകളായി.
രാവിലെ പത്ത് മണിയോടെയാണ് കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് മുന്‍സിപ്പാലിറ്റി വാര്‍ഡിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.