Kerala NewsLatest News

മുഖത്ത് കുടചൂടി മോഷണം, സിസിടിവിയില്‍ പോലും മുഖമില്ല; സംഘം വലയിലായത് ഇങ്ങനെ

കല്‍പ്പറ്റ: സിസിടിവിയില്‍ പോലും മുഖം കാണിക്കാതെ മോഷണം നടത്തിയിരുന്ന സംഘം മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പിടിയില്‍. മലപ്പുറം മക്കരപ്പറമ്പ് കാളന്‍തോടന്‍ അബ്ദുള്‍കരീം, പുളിയടത്തില്‍ അബ്ദുള്‍ലത്തീഫ് എന്നിവരാണ് പിടിയിലായത്. സിസിടിവിയില്‍ കുടുങ്ങാതിരിക്കാന്‍ കുട ചൂടിയും വിവിധ വേഷവിധാനത്തിലുമെത്തി മോഷണം നടത്തിയിരുന്ന സംഘങ്ങളാണ് ഇപ്പോള്‍ വലയിലായത്. കഴിഞ്ഞ മാര്‍ച്ചില്‍ അബ്ദുള്‍കരീമിനെ മണ്ണാര്‍ക്കാട് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത് കഴിഞ്ഞ ദിവസമാണ്.

മലപ്പുറം എ.ആര്‍ ക്യാമ്പിന് സമീപത്തെ ലോഡ്ജ് മുറിയില്‍ നിന്നാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത്. നാട്ടുകാരെയും പൊലീസിനെയും ഒരു പോലെ വട്ടം ചുറ്റിച്ച കള്ളന്മാരില്‍ രണ്ടാമന്‍ പത്ത് മാസത്തിന് ശേഷമാണ് പിടിയിലാകുന്നത്. സിസിടിവിക്ക് പോലും മുഖം കൊടുക്കാതെയാണ് ഇവര്‍ രക്ഷപ്പെട്ടുകൊണ്ടിരുന്നുത്. ഈ മോഷ്ടാക്കള്‍ മുഖം കുടചൂടുന്നതിനാല്‍ മിക്ക വീടുകളിലെയും സ്ഥപാനങ്ങളിലെയും സിസിടിവിയില്‍ പതിഞ്ഞിരുന്നില്ല. ഇതാണ് പൊലീസിനെയും വെട്ടിലാക്കിയത്. മാത്രമല്ല ഫുള്‍സ്ലീവ് ഷര്‍ട്ടിന് പുറമെ കൈയ്യുറയും മാസ്‌കും തൊപ്പിയും ധരിച്ചായിരുന്നു മോഷണത്തിനെത്തിയിരുന്നത്. ഈ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും അന്വേഷണത്തെ ബാധിച്ചു. സാമൂഹിക മാധ്യമങ്ങളും ഇവര്‍ ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

മുമ്പ് നിരവധി കേസുകളില്‍ പ്രതികളായ ഇരുവരും ജാഗ്രതയോടെയായിരുന്നു ഓരോ നീക്കവും നടത്തിയിരുന്നത്. പകല്‍സമയങ്ങളില്‍ വാഹനത്തില്‍ പച്ചക്കറി, പഴ വില്‍പ്പന നടത്തുന്ന ഇരുവരും വീടുകള്‍ നിരീക്ഷിച്ചതിന് ശേഷം രാത്രിയിലെത്തി മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി. ബത്തേരിക്കടുത്തുള്ള പഴുപ്പത്തൂരിലെ വാടക ക്വാര്‍ട്ടേഴ്സിലായിരുന്നു ഇരുവരുടെയും താമസം. കച്ചവടം കഴിഞ്ഞെത്തിയാല്‍ വൈകുന്നേരത്തോടെ കാറുമായി മോഷണത്തിനിറങ്ങും. ലൈറ്റിടാത്ത വലിയ വീടുകള്‍ നോക്കി വെച്ച് അര്‍ധരാത്രിക്ക് ശേഷം ഇവിടെ വീണ്ടുമെത്തും. അബ്ദുള്‍കരീമാണ് വീടിനുള്ളില്‍ കയറുക. ഈ സമയത്ത് അബ്ദുള്‍ ലത്തീഫ് പരിസരം നിരീക്ഷിക്കും. ബത്തേരി മേഖലയില്‍ നിന്ന് മാത്രം 73 പവനും 30 ലക്ഷം രൂപയും പ്രതികള്‍ കവര്‍ന്നതായി പൊലീസ് വിശദമാക്കി. ഇങ്ങനെ നിരവധി സ്ഥലങ്ങളിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഇവര്‍ മോഷണം നടത്തിയത്. സമാനമായ രീതിയിലുള്ള മോഷണങ്ങള്‍ തുടര്‍കഥയായതോടെ അന്നത്തെ മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്്കരിച്ചിരുന്നു. മോഷണം നടന്ന പ്രദേശങ്ങളില്‍ നൂറോളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളുടെ ശരീര പ്രകൃതവും മറ്റും മനസിലാക്കി.

ഈ തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് പ്രതികളുടേതിന് സമാനമായവരുടെ പട്ടിക തയ്യാറാക്കി. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ നടത്തിയ നീണ്ട അന്വേഷണത്തിനൊടുവിലാണ് അബ്ദുള്‍ കരീം പിടിയിലായത്. ശേഷം ലഭിച്ച വിവരങ്ങള്‍ വെച്ച് അബ്ദുള്‍ ലത്തീഫിനായി നാല് മാസത്തോളം അന്വേഷണം നടത്തിയത്. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണിലേക്ക് വരുന്ന കോളുകള്‍ നീരീക്ഷിക്കുകയും കോയമ്പത്തൂരില്‍ നിന്നെടുത്ത സിം കാര്‍ഡില്‍ നിന്ന് സ്ഥിരമായി വന്ന കോളുകള്‍ പിന്തുടര്‍ന്നായിരുന്നു അബ്ദുള്‍ലത്തീഫിനെ പിടികൂടിയത്. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് പോലീസിന് പ്രതികളെ കണ്ടെത്താനായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button