CinemaLatest News

‘ദൈവത്തിന്റെ പേരിട്ടതിന് ഇടപെടാനാകില്ല’; ‘ഈശോ’ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈകോടതി തള്ളി

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈകോടതി തളളി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. ഹര്‍ജിയ്ക്ക് നിലനില്‍പ്പില്ലെന്ന് വ്യക്തമാക്കിയാണ് ഹൈകോടതിയുടെ നടപടി.

സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ആരോപണം. സിനിമയ്ക്കിട്ട ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച്‌ ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച്‌ ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് പ്രസക്തമല്ല. സിനിമയില്‍ നല്ല കാര്യങ്ങളാണ് പറയുന്നത് എങ്കിലും ഈശോ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.

ഈശോ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പി സി ജോര്‍ജും വ്യക്തമാക്കിയിരുന്നു. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് സംവിധായകന്‍ നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പി സി ജോര്‍ജ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തൊട്ടു പിന്നാലെ ഈശോ സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച്‌ മാക്ട (മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്‍) രംഗത്തെത്തിയിരുന്നു. മലയാള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേര്‍ത്തുപിടിക്കലല്ലെന്ന് മാക്ട പ്രതികരിച്ചു. സിനിമയുടെ പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നില്ല എന്ന നിലപാട് സംവിധായകന്‍ നാദിര്‍ഷയും സ്വീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button