ഖത്തറില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥി മരിച്ചു
ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ കോഴിക്കോട് മണിയൂര്‍ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകന് മിസ്ഹബ് അബ്ദുല്‍ സലാം (11) ആണ് മരിച്ചത്. ദുഖാന് ദോഹ എക്സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വെച്ചാണ് അപകടമുണ്ടായത്.
സഹോദരങ്ങളും ബന്ധുക്കളും ഉള്‍പ്പെടെ ആറംഗ സംഘം സഞ്ചരിച്ച കാര്‍ ദുഖാനില്‍ നിന്നും ദോഹയിലേക്ക് യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമായത്.
അപകടം നടന്ന ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും. ദുഖാന് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിസ്ഹബ്. മാതാവ്: ആബിദ. സഹോദരങ്ങള്‍: സന, ദില്‍ന, മുഹമ്മദ്, ഫാത്തിമ, മഹദ്.