ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം; പ്രതി പോലീസില്‍ കീഴടങ്ങി
ആലുവ: ഡോക്ടറെ മര്‍ദിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. ആലുവ എടത്തല തഖ്ദീസ് ആശുപത്രിയിലെ ഡോക്ടര്‍ ജീസണ്‍ ജോണിയെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച കേസില്‍ എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പില്‍ മുഹമ്മദ് കബീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുഹമ്മദ് കബീര്‍ ഭാര്യയും ഒമ്പതു വയസ്സുള്ള കുട്ടിയുമായി ചികിത്സയ്ക്കായി ഓഗസ്റ്റ് 3 ന് ആശുപത്രിയില്‍ വന്നതായിരുന്നു. ഡോക്ടര്‍ ജീസണ്‍ ജോണി ഭാര്യയെ പരിശോധിക്കവെ ഭാര്യയോട് അസഭ്യം പറഞ്ഞെന്നാരോപിച്ചായിരുന്നു ഇയാള്‍ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. കോവിഡ് രോഗബാധിതയായ പ്രതിയുടെ ഭാര്യ ആശുപത്രിയിലെത്തുമ്പോള്‍ നെഗറ്റീവായിരുന്നതായി പറയുതായും കുട്ടിക്ക് പനിയും വയറുവേദനയും ഉണ്ടായിരുന്നതായും പറഞ്ഞാണ് ആശുപത്രിയില്‍ എത്തിയത്.
എന്നാല്‍ കുട്ടിയെ പരിശോധിച്ച ശേഷം പ്രതിയുടെ ഭാര്യയോട് ഡോക്ടര്‍ സംസാരിക്കാന്‍ തുടങ്ങിയതും പുറകിലൂടെ വന്ന് ഡോക്ടറെ അക്രമിക്കുകയായിരുന്നു. ആ സമയത്ത് വനിത നാഴ്‌സ്മാരുള്‍പ്പെടെ സംഭവ സ്ഥലത്തുണ്ടായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി പോലീസില്‍ കീഴടങ്ങുകയായിരുന്നു. അതേസമയം സംഭവം നടന്ന് ഇത്ര ദിവസം ആയിട്ടും പ്രതിയെ പിടികൂടാനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയ്യാറായില്ലെന്ന പരാതിയില്‍ ഡോക്ടര്‍മാരുടെ സംഘടനകളില്‍ നിന്നുള്‍പ്പടെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലെയും കോവിഡ് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുമെന്നു കഴിഞ്ഞ ദിവസം ഐഎംഎ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ ജില്ലയില്‍ ഒപി ബഹിഷ്‌കരിച്ച് റൂറല്‍ ജില്ല പൊലീസ് ആസ്ഥാനത്ത് ധര്‍ണ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രതി പോലീസില്‍ കീഴടങ്ങിയത്.