ആദ്യ ദിനം ക്ലിക്കായി ഓണ്‍ലൈന്‍ മദ്യവില്‍പ്പന
തിരുവനന്തപുരം : ബെവ്കോയുടെ പുതിയ പരീക്ഷണത്തിന് മികച്ച പ്രതികരണം. മദ്യവില്‍പ്പനശാലകളിലെ തിരക്കൊഴിവാക്കാനായി ബെവ്കോ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം ആരംഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.
എന്നാല്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള സംവിധാനത്തില്‍ ആദ്യ ദിനം തന്നെ 400 പേരാണ് ഉപയോഗപ്പെടുത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ്, കൊച്ചി മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെ ഔട്ലെറ്റുകളില്‍ നിന്നുമാണ് ഓണ്‍ലൈനായി ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനായി സൗകര്യം ഒരുക്കിയിരുന്നത്.
എന്നിട്ടും ആദ്യ ദിനം മികച്ച പ്രതികരണം ലഭിച്ചു. 60,840 രൂപയ്ക്ക് തിരുവനന്തപുരത്തും 67,800 രൂപയ്ക്ക് കൊച്ചിയിലും, 96980 രൂപയ്ക്ക് കോഴിക്കോടും മദ്യം ഒണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വാങ്ങിയിട്ടുണ്ട്.
ഒരു ദിവസത്തിനിടയില്‍ പരീക്ഷണം വിജയിച്ചതിനാല്‍ ഓണത്തിനു ശേഷം 22 ഷോപ്പുകളില്‍ കൂടി സൗകര്യം ഏര്‍പ്പെടുത്താനാണ് ബെവ്‌കോ തീരുമാനിച്ചിരിക്കുന്നതെന്നാണ് മാനേജിങ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അറിയിക്കുന്നത്.