Kerala NewsLatest News

അജ്ഞാതര്‍ തട്ടിക്കാണ്ടുപോയ ഇരയ്‌ക്കെതിരെയും കേസ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഹനീഫ വഞ്ചനാ കേസില്‍ അറസ്റ്റിലായി. ഹനീഫയ്ക്കെതിരെ കസ്റ്റംസും കേസെടുക്കും.
വ്യാജരേഖ ചമയ്ക്കല്‍ വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കൊയിലാണ്ടി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സ്വര്‍ണം കസ്റ്റംസ് പിടിച്ചെന്ന് വ്യാജ സ്ലിപ് ഉണ്ടാക്കാന്‍ ഹനീഫയെ സഹായിച്ച ഷംഷാദ് എന്നയാളും പിടിയിലായി. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയെന്ന് വ്യാജരേഖ ഉണ്ടാക്കിയ കേസിന്റെ രേഖകള്‍ കസ്റ്റംസ് കൊയിലാണ്ടി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞ ദിവസം പോലീസ് പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സ്വര്‍ണ്ണകടത്ത് ക്യാരിയറെന്ന് സംശയിക്കുന്ന ഹനീഫയെ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതോടെയാണ് ഇയാള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള വിവരം പുറത്തുവരുന്നത്. പിന്നീട് ഇയാളില്‍ നിന്ന് കസ്റ്റംസിന്റെ വ്യാജ സ്ലിപ്പ് കണ്ടെത്തുകയായിരുന്നു. കൊടുവള്ളി താമരശേരി സ്വേദേശികള്‍ക്ക് വേണ്ടി ഹനീഫ 700 ഗ്രാം സ്വര്‍ണം വിമാനത്താവളം വഴി കടത്തി കൊണ്ടുവന്നിരുന്നു. ഇത് കസ്റ്റംസ് പിടികൂടിയെന്നു വ്യാജ സ്ലിപ്പുണ്ടാക്കി ഉടമകളെ തെറ്റിദ്ധരിപ്പിച്ചു സ്വര്‍ണം തട്ടാനായിരുന്നു ശ്രമം.

ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കടത്തു സംഘം ഇയാളെ തട്ടിക്കൊണ്ടു പോയത്. ഹനീഫയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തിന് സമീപത്തു നിന്നും എയര്‍പിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് മുത്താമ്പി തോണിയാടത്ത് ഹനീഫയെ കാറിലെത്തിയ സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയതെന്നാണ് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഹനീഫയെ സംഘം വിട്ടയച്ചു. മര്‍ദ്ദിച്ച ശേഷം വിട്ടയച്ചെന്നാണ് ബന്ധുക്കള്‍ പൊലീസില്‍് നല്‍കിയ മൊഴി. പുലര്‍ച്ചെ വീടിന് സമീപം തന്നെ ഹനീഫയെ തിരികെ കൊണ്ടു വിട്ടതായാണ് വിവരം.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പരിക്കേറ്റ ഹനീഫ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയി ചികിത്സ തേടി. എന്നാല്‍ പൊലീസ് മൊഴിയെടുക്കാനെത്തിയപ്പോഴേക്കും ഹനീഫ ആശുപത്രി വിട്ടു. ആറു പേരെ കൊയിലാണ്ടി പൊലീസ് ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ ജൂലൈ 13 ന് കൊയിലാണ്ടി സ്വദേശിയായ അഷ്‌റഫ് എന്നയാളെയും ഇതേ രീതിയില്‍ തട്ടിക്കൊണ്ട് പോയിരുന്നു. സംഭവത്തില്‍ മൂന്ന്‌പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണവും തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button