കൊടും ചതിയിലൂടെയാണ് മഅ്ദനിയെ കുടുക്കിയത്: സി. ദിവാകരന്
തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിയുടെ രണ്ടാം അറസ്റ്റിന്റെ 11ാം വാര്‍ഷിക ദിനത്തില്‍ പ്രതികരിച്ച് മുന്‍മന്ത്രിയും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ സി. ദിവാകരന്. അബ്ദുന്നാസിര്‍ മഅ്ദനി ഉയര്‍ത്തിക്കൊണ്ടുവന്ന ആശയങ്ങളോട് പ്രതികരിക്കുന്നതില്‍ ദാരിദ്യ്രം നേരിട്ട രാഷ്ട്രീയ ഭീരുക്കളാണ് കൊടുംചതിയിലൂടെ അദ്ദേഹത്തിന്റെ ജീവിതം തകര്‍ത്തതെന്ന് സി. ദിവാകരന് പറഞ്ഞു. കേരള സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി രാജ്ഭവന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഭരണകൂടങ്ങള്‍ക്കെതിരെ സാമൂഹിക നീതിക്കും ജനാധിപത്യ അവകാശങ്ങള്‍ക്കുമായി ശബ്ദമുയര്‍ത്തുന്നവരെ ഏത് നിലക്കും ഇല്ലായ്മ ചെയ്യുകയെന്ന ഫാഷിസ്റ്റ് ശൈലിയാണ് മഅ്ദനിയുടെ കാര്യത്തിലും ആവര്‍ത്തിച്ചത്. എതിര് ശബ്ദത്തിന്റെ വായ മൂടാന്‍ ബ്രിട്ടീഷുകാരന് സ്വീകരിച്ച നയം സ്വാതന്ത്ര്യത്തിന്റെ 75ാം വാഷികത്തിലും രാജ്യത്ത് അരങ്ങേറുന്നത് ലജ്ജാകരമാണ്. വിചാരണയില്ലാതെ എതിര്‍ശബ്ദങ്ങളെ തുറുങ്കിലടക്കുന്നതിന്റെ ആവര്‍ത്തനമാണ് മഅ്ദനി, മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്, ഫാദര്‍ സ്റ്റാന്‍ സ്വാമി എന്നിവരുടെ ദുരനുഭവങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നത്’- സി. ദിവാകരന് വ്യക്തമാക്കി.
‘മഅ്ദനിയുടെ വിഷയത്തില്‍ പ്രതികരിക്കുന്നതില്‍ പലര്‍ക്കും വിലക്കാണ്. എനിക്കും പലകോണുകളില്‍നിന്ന് വിലക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, മാനവികതയില്‍ വിശ്വസിക്കുന്ന മനുഷ്യര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ നിശ്ശബ്ദരാകാനാകില്ല’- അദ്ദേഹം പറഞ്ഞു.