കോണ്‍ഗ്രസിന്റെ അന്തകന്‍ ഉമ്മന്‍ ചാണ്ടി; സേവ് കോണ്‍ഗ്രസ് പോസ്റ്റര്‍ പ്രചരിക്കുന്നു
കോട്ടയം: ഡിസിസി പ്രസിഡന്റ് സാധ്യതാ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കവും പൊട്ടിതെറികളുമാണ് കേരളം കണ്ടത്. ഇതിന് പിന്നാലെ കോട്ടയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ എന്ന ചോദ്യം ഉന്നയിച്ചുള്ള പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്ററില്‍ കഞ്ചാവ് കടത്തുന്നവനെയും ചൂതാട്ട കേന്ദ്രം നടത്തുന്നവനെയുമാണോ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് കൊണ്ടു വരുന്നതെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.
ഉമ്മന്‍ചാണ്ടിയും കെ സി ജോസഫും അടങ്ങുന്ന ഒരു വിഭാഗവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാവും എന്നിങ്ങനെ കോണ്‍ഗ്രസ് എ ഗ്രൂപ്പില്‍ വരെ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടയിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ ഇങ്ങനെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ചാണ്ടി ഉമ്മന്‍, യൂജിന്‍ തോമസ്, നാട്ടകം സുരേഷ് തുടങ്ങി നിരവധി പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ താന്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന നിലപാടുമായി ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു.