‘കോള്‍ഡ് കേസ്’ മോഡല്‍; നിലം കുഴിച്ചപ്പോള്‍ കണ്ടത് ഞെട്ടി പൊലീസും നാട്ടുകാരും
കോട്ടയം: മത്സ്യക്കുളം നിര്‍മ്മിക്കാനായി നിലം കുഴിച്ചപ്പോള്‍ പൊങ്ങി വന്നത് അസ്ഥികൂടം. സിനിമാക്കഥ പോലെ നിലം കുഴിച്ചപ്പോള്‍ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് നിന്ന് വര്‍ഷങ്ങള്‍ പഴക്കമുളള കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. വൈക്കത്താണ് സംഭവം. സംഭവത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായവരുടെ പട്ടിക തയ്യാറാക്കാനുള്ള തുടക്കത്തിലാണ്് പൊലീസ്. വിശദമായ പരിശോധനയില്‍ അസ്ഥിയുടെ കൂടുതല്‍ ഭാഗങ്ങളാണ് കണ്ടെത്തിയത്. വൈക്കം ചെമ്മനത്തുകരയില്‍ മത്സ്യക്കുളത്തിനായി കുഴിച്ച സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. അടുത്തുള്ള ആറിലൂടെ അസ്ഥികൂടം ഒഴുകി വന്നതാണോയെന്ന സംശയവും നലനില്‍ക്കുന്നുണ്ട്. പൊലീസ് ഇത് പരിശോധിക്കുകയാണ്. വിശദമായ പരിശോധനയില്‍ അഞ്ചടിയോളം താഴ്ചയില്‍ നിന്ന് കൂടുതല്‍ അസ്ഥി കഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. അസ്ഥികൂടം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. മരിച്ചയാളുടെ മൃതദേഹത്തിന്റെ കാലപ്പഴക്കം, ലിംഗ നിര്‍ണയം, മരിച്ചതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തും.
അസ്ഥിക്കൂടത്തിന്റെ പഴക്കം ലഭിച്ചു കഴിഞ്ഞാല്‍ ആ കാലയളവില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കി കൂടുതല്‍ അന്വേഷണം ആരംഭിക്കാനാണ്് പൊലീസിന്റെ തീരുമാനം. വൈക്കം ഡിവൈഎസ്പി എ ജെ തോംസണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വര്‍ഷങ്ങളായി പുല്ലും പായലും നിറഞ്ഞ് കിടന്ന സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. തൊട്ടടുത്തുള്ള കരിയാറിന് കുറുകെ കടത്തുണ്ടായിരുന്ന ഈ ഭാഗത്ത് പ്രളയത്തില്‍ വെള്ളം കയറിയിരുന്നു. ആറ്റിലൂടെ ഒഴുകി വന്ന മൃതദേഹം ഇവിടെ തങ്ങി നിന്നതാണോയെന്ന സംശയവും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. എല്ലാ സംശയങ്ങളും മുന്‍ നിര്‍ത്തി അന്വേഷണം നടത്താനാണ്് പൊലീസ് തീരുമാനം.
അതേസമയം ഇങ്ങനെ നിലം കുഴിക്കുമ്പോള്‍ അസ്ഥികൂടങ്ങളും മറ്റ് പല പുരാതന വസ്തുക്കളും ലഭിക്കുന്ന കേസുകള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വീടിന് തറയെടുക്കാന്‍ നിലം കുഴിച്ചപ്പോള്‍ നന്നങ്ങാടികളും മണ്‍പാത്രങ്ങളും കല്ലറകളുമാണ് കണ്ടെത്തിയ വാര്‍ത്ത ഈ അടുത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് ഉമ്മിണിയത്ത് മീത്തലില്‍ കാളിയത്ത് മുക്കില്‍ വീടിനു തറയെടുക്കുമ്പോഴാണ് പുരാതന വസ്തുക്കള്‍ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് പുരാവസ്തു വകുപ്പിനെ വിവരമറിയിക്കുകയും തഹസില്‍ദാറെയും വില്ലേജ് ഓഫിസറെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.