Kerala NewsLatest NewsLaw,

ഏലം കര്‍ഷകരില്‍ നിന്ന് പണം പിരിച്ച സംഭവം: രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഇടുക്കി: ഏലം കര്‍ഷകരില്‍ നിന്നും വനം വകുപ്പ് ജീവനക്കാര്‍ പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് ഉദ്യോ​ഗസ്ഥരെയാണ് സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ചെറിയാന്‍ വി ചെറിയാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ രാജു എന്നിവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി വനം വകുപ്പ് മന്തി ഏ കെ ശശീന്ദ്രനാണ് അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ഹൈറേഞ്ച് മേഖല സി സി എഫ് കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് നടപടി. കോട്ടയം റേഞ്ചിലെ കുമിളി പുളിയന്‍മല സെക്ഷനിലെ ഉദ്യോഗസ്ഥരാണ് ചെറിയാനും രാജുവും.

സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും പണപ്പിരിവുമായി ബന്ധപ്പെട്ട് മറ്റാര്‍ക്കെങ്കിലും പങ്ക് ഉണ്ടോയെന്നും അന്വേഷിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. തങ്ങളെ തിരിച്ചറിയാതിരിക്കുന്നതിന് വേണ്ടി മഫ്തിയില്‍ സ്വകാര്യ വാഹനങ്ങളിലെത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പണം പിരിച്ചിരുന്നത്. കാര്‍ഡമം ഹില്‍ റിസര്‍വിലെ നിയമങ്ങള്‍ ആയുധമാക്കിയാണ് ഏലം കര്‍ഷകരില്‍ പണം ചോദിക്കുന്നത്. പണം നല്‍കാത്ത പക്ഷം കര്‍ഷകരെ കേസില്‍ കുടുക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടാണ് ഉദ്യോഗസ്ഥര്‍ പണം പിരിവ് നടത്തിക്കൊണ്ടിരുന്നത്. വിഷയത്തില്‍ ചീഫ് ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കര്‍ഷകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി.

നേരത്തെയും സമാനമായ പരാതി നല്‍കിയിരുന്നെങ്കിലും ആരോപണ വിധേയര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ പരാതി ലഭിച്ചതോടെ അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി കെ കേശവന്‍ ഐ എഫ് എസിനെ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ചുമതലപ്പെടുത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. കേസ് അന്വേഷിക്കുന്നതിന് പൊലീസിന്റെ സേവനം ആവശ്യമായിവരികയാണെങ്കില്‍ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ദീപാവലി, ക്രിസ്തുമസ് എന്നിങ്ങനെയുള്ള വിശേഷ ദിവസങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കര്‍ഷകരില്‍ നിന്ന് നിര്‍ബന്ധിത പണംപിരിവ് നടത്താറുണ്ടെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അയ്യപ്പന്‍കോവില്‍, നെടുങ്കണ്ടം, കുമളി എന്നീ മേഖലകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നിലവില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. അതേ സമയം തന്നെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതിന് ഒത്താശ ചെയ്തു നല്‍കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ഉന്നയിച്ചിട്ടുള്ള ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button