Kerala NewsLatest News

ഹണിട്രാപ്പ്; വിവാഹം കഴിപ്പിച്ച് കിടപ്പറ ദൃശ്യം പകര്‍ത്തി, നാലുപേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയ കേസില്‍ നാലുപേര്‍ പിടിയില്‍. കൊച്ചിയിലെ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയ കേസില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെയാണ് പിടികൂടിയത്. ഉദുമ അരമങ്ങാനത്തെ ഉമ്മര്‍ (50), ഭാര്യ ഫാത്തിമ (45), കാസര്‍കോട് ചൗക്കിയില്‍ താമസിക്കുന്ന നായന്മാര്‍മൂലയിലെ സാജിദ (36), കണ്ണൂര്‍ ചെറുതാഴത്തെ ഇക്ബാല്‍ (62) എന്നിവരാണ് അറസ്‌ററിലായത്. ഹൊസ്ദുര്‍ഗ് എസ്ഐ കെ പി സതീശനാണ് ഇവരെ പിടികൂടിയത്.

കടവന്ത്രയിലെ സി എ സത്താറിന്റെ പരാതിയെ തുടര്‍ന്ന് ആലാമിപ്പള്ളി കല്ലഞ്ചിറയിലെ വാടകവീട്ടില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. രണ്ടുപേര്‍ കസ്റ്റഡിയിലാണ്. ഇവര്‍ സത്താറുമായി സൗഹൃദമുണ്ടാക്കി കെണിയില്‍പ്പെടുത്തുകയായിരുന്നു. ഉമ്മര്‍ ഫാത്തിമ ദമ്പതികളുടെ മകളാണെന്ന് പരിചയപ്പെടുത്തി സാജിദയെ കഴിഞ്ഞ രണ്ടിന് സത്താറിന് വിവാഹം ചെയ്തു കൊടുത്തു.

ഇക്ബാലാണ് സത്താറിനെ ഉമ്മറുമായി ബന്ധപ്പെടുത്തിയത്. തുടര്‍ന്ന് നവദമ്പതികളെ കല്ലഞ്ചിറയിലെ വാടകവീട്ടില്‍ താമസിപ്പിച്ചു. സത്താറിന് വേറെ ഭാര്യയും മക്കളുമുണ്ടെന്ന് പ്രതികള്‍ അറിഞ്ഞു. ഇതോടെ സാജിദയുടെ സഹായത്തോടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടു. മൂന്നുലക്ഷം രൂപ ആദ്യം നല്‍കി. പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ഏഴു ലക്ഷംകൂടി ആവശ്യപ്പെട്ടതോടെയാണ് സത്താര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇത്തരത്തില്‍ നിരവധി പേരെ സംഘം കബളിപ്പിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്.
ഹണി ട്രാപ്പില്‍ അകപ്പെടുത്തി പണം തട്ടുന്ന നിരവധി കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button